ബംഗളൂരു: പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ (82) അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ എത്തിയതായിരുന്നു.
1942ല്‍ കായംകുളത്താണ് ജനനം. മംഗളൂരു കസ്തൂര്‍ബ മെഡിക്കല്‍ കോളജിലായിരുന്നു മെഡിക്കല്‍ പഠനം. രാജ്യത്ത് ആദ്യമായി കൊറോണി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാന്‍. 1975ലാണ് ശസ്ത്രക്രിയ നടന്നത്. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ലേസര്‍ ഹാര്‍ട്ട് സര്‍ജറി എന്നിവ നടത്തിയതും ഡോ. കെ.എം. ചെറിയാനാണ്. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സര്‍ജനായിരുന്നു. 1991ല്‍ പത്മശ്രീ ലഭിച്ചു.