
തൊടുപുഴ: നാടകീയത നിറഞ്ഞ തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. കെ. ദീപക് ചെയര്‍മാനാകും. രണ്ടുവോട്ടുകള്‍ക്കാണ് യുഡിഎഫ് ജയിച്ചത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി മുന്‍ ചെയര്‍പേഴ്‌സണ്‍ മിനി മധുവിനെയാണ് പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന മൂന്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ള 14 പേരുടെ പിന്തുണയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്.
മുമ്പ് രണ്ടു തവണയാണ് യുഡിഎഫിലെ പ്രശ്‌നങ്ങള്‍ കൊണ്ട് എല്‍ഡിഎഫിന് നഗരസഭാ അദ്ധ്യക്ഷ സ്ഥാനം കിട്ടിയത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ളീംലീഗ് അംഗങ്ങള്‍ വോട്ടു ചെയ്തതിനെ തുടര്‍ന്ന് എല്‍ഡിഎഫിന്റെ സബീന ബിഞ്ചു ചെയര്‍പേഴ്‌സണായിരുന്നു. സബീനയെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് വന്നത്. എന്നാല്‍ ലീഗുമായുള്ള പ്രശ്‌നം പരിഹരിച്ച് ഇത്തവണ അഭിപ്രായഭിന്നത മാറ്റി വെച്ച് ഒരുമിച്ച് നില്‍ക്കാന്‍ യുഡിഎഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
ഭരണസമിതിയുടെ ആദ്യ ചെയര്‍മാനായിരുന്ന സനീഷ്‌ജോര്‍ജ്ജ് കൈക്കൂലിക്കേസില്‍ രാജി വെയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടി വന്നതും സബീന ബിഞ്ചു അദ്ധ്യക്ഷയായതും. എന്നാല്‍ ഇത്തവണ സനീഷ്‌ജോര്‍ജ്ജ് യുഡിഎഫിന്റെ പാളയത്തില്‍ ആയതാണ് മൂന്നാമത്തെ അദ്ധ്യക്ഷസ്ഥാനം തിരിച്ചുപിടിക്കാന്‍ യുഡിഎഫിന് കഴിയുന്ന സാഹചര്യം ഉണ്ടായത്.