• Mon. Mar 3rd, 2025

24×7 Live News

Apdin News

Drenched in the rain and covered with umbrellas, Asha activists protest | നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ അഴിപ്പിച്ച് പോലീസ് ; മഴയത്ത് നനഞ്ഞും കുടചൂടിയും പ്രതിഷേധത്തിന്റെ കനല്‍ കെടാതെ ആശ പ്രവര്‍ത്തകര്‍

Byadmin

Mar 3, 2025


uploads/news/2025/03/767227/asha-workers.jpg

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ അഴിപ്പിച്ച് പോലീസ്. എന്നാല്‍, കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ചു പ്രതിഷേധം ശക്തമാക്കി ആശ പ്രവര്‍ത്തകര്‍. കുടകളുമായി സര്‍ക്കാര്‍ വിരുദ്ധ മുദ്രാവക്യം വിളിച്ചായിരുന്നു പ്രതിഷേധം.

ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന രാപകല്‍ സമരത്തിന്റെ 21-ാം ദിവസം വലിയ മഴയാണു തലസ്ഥാനത്ത് പെയ്തത്. ശനിയാഴ്ച രാത്രി മുതല്‍ തന്നെ മഴ തുടങ്ങി. ഇതോടെ ടാര്‍പോളിന്‍ കെട്ടി അതിനുതാഴെ പായ വിരിച്ചുകിടന്ന് ഉറങ്ങുകയായിരുന്ന ആശാ പ്രവര്‍ത്തകരെ പുലര്‍ച്ചെ മൂന്നുമണിയോടെ വിളിച്ചുണര്‍ത്തിയാണു പോലീസ് ടാര്‍പോളിന്‍ അഴിപ്പിച്ചത്. ആശാപ്രവര്‍ത്തകര്‍ ഈ പ്രവൃത്തി ചോദ്യം ചെയ്‌തെങ്കിലും പോലീസുകാര്‍ വഴങ്ങിയില്ല. ഹൈക്കോടതി നിര്‍ദേശം ചൂണ്ടികാട്ടിയായിരുന്നു നടപടി. രാവിലെ സമരക്കാര്‍ വീണ്ടും പന്തലില്‍ ഷീറ്റ് വലിച്ചുകെട്ടി. ഷീറ്റ് അഴിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പോലീസ് രംഗത്തെത്തി.

വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനാണു പ്രതിപക്ഷത്തിന്റെ നീക്കം. സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു സമര സ്ഥലത്തേക്കു നീങ്ങിയേക്കും. അതിനിടെ സമരത്തിനു കൂടുതല്‍ പിന്തുണ ഉറപ്പാക്കാതെ രമ്യമായ പരിഹാരം കാണണമെന്ന അഭിപ്രായം സര്‍ക്കാരില്‍ ചിലര്‍ക്കുണ്ട്. സി.പി.ഐയും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ പിന്തുണ സമരത്തിനു ലഭിച്ചതും സമരം പൊളിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളുമൊക്കെ സഭയില്‍ ചര്‍ച്ചയാകും.

ഇന്നലെ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍ സമരപ്പന്തലിലെത്തി.കേന്ദ്ര വിഹിതം ആവശ്യപ്പെടാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ഡല്‍ഹിക്കു പോകാന്‍ തയാറാണെന്നും അവര്‍ അറിയിച്ചതോടെ നിറഞ്ഞ കൈയടി ഉയര്‍ന്നു.

കേന്ദ്രപദ്ധതിയായ ആശ സ്‌കീമിന്റെ ചില മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഇക്കാര്യം അധികൃതരെ അറിയിക്കും. വിഷയം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. എന്നാല്‍, ഉറപ്പ് പറയാനാകില്ല. കേന്ദ്ര മന്ത്രിസഭയുടേതാണ് അന്തിമ തീരുമാനം-സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ സമരത്തിന്റെ ഭാഗമല്ലെന്നും സമരക്കാരെ കാണാന്‍ മാത്രമായി എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.



By admin