
തൊടുപുഴ: അഭ്രപാളികളില്‍ തകര്‍ത്തോടിയ ദൃശ്യം സിനിമാ മോഡല്‍ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത ഇന്നലെ കലയന്താനിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കേട്ടത് സത്യമാണോ അതോ സംശയം മാത്രമോ എന്നറിയാനായിരുന്നു എല്ലാവരുടേയും ആകാംക്ഷ.
രണ്ട് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിനെ കലയന്താനിയില്‍നിന്നു ചിലവിലേക്ക് പോകുന്ന റോഡരികിലുള്ള ജോമോന്റെ ദേവമാതാ കാറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണില്‍ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്ന വിവരം ഇന്നലെ രാവിലെയോടെയാണ് പുറംലോകം അറിയുന്നത്.
സംഭവത്തെക്കുറിച്ച് ചെറിയ സൂചനകള്‍ പുറത്ത് വന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് നാട്ടുകാര്‍ സൂചിപ്പിച്ചു. എങ്കിലും ആര്‍ക്കും ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റാത്ത അവസ്ഥ. പക്ഷേ സംഭവം കലയന്താനി കേന്ദ്രീകരിച്ച് തന്നെയാണെന്ന് ദൃശ്യ മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വന്ന് നിമിഷ നേരത്തിനുള്ളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനം ദേവമാതാ കാറ്ററിങ് ഗോഡൗണിന് മുന്നില്‍ തടിച്ചുകൂടി. ദേവമാതാ കാറ്ററിങ് ഉടമ ജോമോനെയും കൊല്ലപ്പെട്ട ബിജു ജോസഫിനെയും വര്‍ഷങ്ങളായി അറിയുന്നവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഗോഡൗണിന് സമീപം സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും മഫ്തിയില്‍ പോലീസുമുണ്ടായിരുന്നു. 12 മണിയോടെ ജില്ലാ പോലീസ് മേധാവിയുടെയും തൊടുപുഴ ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും ഫോറന്‍സിക് സംഘവും ആര്‍.ഡി.ഒയും സ്ഥലത്തെത്തി. കസ്റ്റഡിയിലുണ്ടായിരുന്ന കാറ്ററിങ് സ്ഥാപന ഉടമ ജോമോനെയും വിലങ്ങണിയിച്ച് പോലീസ് സ്ഥലത്തെത്തിച്ചിരുന്നു. ഈ സമയം ജോമോനെ എത്തിച്ച പോലീസ് വാഹനത്തിന് ചുറ്റും വന്‍ ജനാവലി തടിച്ച് കൂടി. ചിലരൊക്കെ ജോമോനെ പഴിക്കുന്നുണ്ടായിരുന്നു. ചുറ്റും പോലീസ് വലയം തീര്‍ത്ത് ഏറെ ശ്രമകരമായാണ് ജോമോനെയും കൊണ്ട് ഗോഡൗണിന് ഉള്ളിലേക്ക് പോലീസ് പോയത്.
മാന്‍ഹോളില്‍ ഒളിപ്പിച്ച
മൃതദേഹം
പുറത്തെടുത്തത്
അതിസാഹസികമായി
തൊടുപുഴ: കലയന്താനിയിലെത്തിച്ച ജോമോനെയും കൂട്ടി നിമിഷനേരം കൊണ്ട് പോലീസ് ഗോഡൗണിനുള്ളില്‍ കടന്നു. പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും ഉള്ളിലേക്ക് പ്രവേശിക്കുന്നത് പോലീസ് വിലക്കി. മൃതദേഹം കുഴിച്ചിട്ടെന്ന് ജോമോന്‍ മൊഴി നല്‍കിയ ഗോഡൗണിനുള്ളിലെ മാലിന്യ പൈപ്പിന്റെ മാന്‍ഹോളിന് സമീപത്തേക്കാണ് സംഘം നീങ്ങിയത്. ജോമോന്‍ കാണിച്ച സ്ഥലം കൃത്യമായി അടയാളപ്പെടുത്തി. തുടര്‍ന്ന് ഈ ഭാഗത്തിന് ചുറ്റുമുള്ള ജനലുകളും മറ്റും അടച്ചു. കോണ്‍ക്രീറ്റ് ചെയ്ത മാന്‍ഹോളിന് മുകളിലെ സ്ലാബ് പോലീസ് നിയോഗിച്ച തൊഴിലാളികളുടെ നേതൃത്വത്തില്‍ പൊളിക്കാന്‍ ശ്രമിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് സ്ലാബ് മാറ്റാനായത്.
അഞ്ച് അടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളില്‍ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മുകളില്‍ മണ്ണും മാലിന്യങ്ങളും ഉള്‍പ്പെടെ നിറഞ്ഞ അവസ്ഥയിലായിരുന്നു. രണ്ട് ദിവസത്തെ പഴക്കം കാരണം ചീര്‍ത്ത മൃതശരീരം ഇതേ ഭാഗത്ത് കൂടി പുറത്തെടുക്കാന്‍ തൊഴിലാളികള്‍ക്കായില്ല. തുടര്‍ന്ന് പോലീസ് അറിയിച്ചതനുസരിച്ച് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം സ്ഥലത്തെത്തി മാന്‍ഹോളിലിറങ്ങി കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. തുടര്‍ന്ന് മാന്‍ഹോള്‍ പുറത്തേക്ക് പോകുന്ന വശത്തെ കെട്ടിടത്തിന്റെ ഒരു ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കി. നാല് തൊഴിലാളികള്‍ മാന്‍ഹോളിലൂടെ ഉള്ളില്‍ കടന്ന് മൃതദേഹം വളരെ ഏറെ ശ്രമകരമായാണ് പുറത്തെത്തിച്ചത്. ഇതിനിടെ രണ്ടരയോടെ കനത്ത മഴ പെയ്തത് മൃതദേഹം പുറത്തെടുക്കുന്ന ജോലിയെ പ്രതികൂലമായി ബാധിച്ചു.
തൊടുപുഴ കുമ്പംകല്ല് സ്വദേശി ഷാജി തേക്കുംകാട്ടിലിന്റെ നേതൃത്വത്തില്‍ ഹനീഫ, മാഹിന്‍, സതീശ് എന്നിവരാണ് ഈ അതിസാഹസികമായ ജോലി പൂര്‍ത്തിയാക്കിയത്. മൂന്നു മണിയോടെ പൂറത്തെത്തിച്ച മൃതദേഹം കാറ്ററിങ് സ്ഥാപനത്തിനുള്ളില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഗോഡൗണ്‍ ജനശ്രദ്ധ
ചെല്ലാത്തിടം
തൊടുപുഴ: ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിട്ടു കൊണ്ടിരുന്ന സമയം സ്ഥലത്ത് പോലീസ് എത്തിയിരുന്നു. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട അറസ്റ്റിലായ എറണാകുളം പറവൂര്‍ സ്വദേശിയായ കാപ്പ കേസ് പ്രതി ആഷിക് ജോണ്‍സനെ പിടികൂടാനാണ് പോലീസ് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി കലയന്താനി ചിലവ് റോഡിലെ ഗോഡൗണിന് മുന്നില്‍നിന്ന് പറവൂര്‍ വടക്കേക്കര പോലീസ് സ്‌റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടിയിരുന്നു. ആഷിക്കിനെ പിടികൂടുന്ന സമയം ഗോഡൗണിന് ഉള്ളിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു മറ്റുള്ളവര്‍.
ഈ സമയം മൊബൈല്‍ ഫോണ്‍ ആഷിക് ഓണാക്കിയതാണ് പോലീസിന് സഹായകമായത്. പ്രതിയെ പിടികൂടി എറണാകുളത്തേക്ക് കൊണ്ടുപോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച സൂചന ലഭിച്ചില്ല. പിന്നീട് വെള്ളിയാഴ്ച പരാതി ലഭിക്കുകയും മുഖ്യപ്രതി ജോമോന്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് ഇയാളുടെ പങ്കും വ്യക്തമായത്. മൃതദേഹം കുഴിച്ചിട്ട ഗോഡൗണ്‍ അധികം ആള്‍താമസമില്ലാത്ത പ്രദേശമാണ്.
ഇടയ്ക്കിടെ മദ്യപാനവും ബഹളവും നടന്നിരുന്നതിനാല്‍ സമീപത്തെ ഏതാനും വീടുകളില്‍ ഉള്ളവരും ഇവിടേക്ക് ശ്രദ്ധിക്കാറില്ലായിരുന്നു.
ഇരയ്ക്കും പ്രതിക്കും
ഒട്ടേറെ സംരംഭങ്ങള്‍
കൊല്ലപ്പെട്ട ബിജു ജോസഫിനു തൊടുപുഴ നഗരത്തില്‍ വര്‍ക്‌ഷോപ്, വാട്ടര്‍ സര്‍വീസ് സ്‌റ്റേഷന്‍ എന്നിവയും മണ്ണുമാന്തിയന്ത്രം, ആംബുലന്‍സ് സര്‍വീസ് എന്നിവയുമുണ്ട്. പ്രതി ജോമോന്‍ ഒന്നരപ്പതിറ്റാണ്ടോളം കലയന്താനിയില്‍ കാറ്ററിങ് സ്ഥാപനം നടത്തിയിരുന്നു. ടൂറിസ്റ്റ് ബസ് സര്‍വീസും ആംബുലന്‍സ് സര്‍വീസുമുണ്ടായിരുന്നു. ഭരണങ്ങാനം, മൈസൂര്‍, ആലക്കോട് എന്നിവിടങ്ങളില്‍ ഹോട്ടല്‍ നടത്തിയെങ്കിലും പൊളിഞ്ഞതോടെ ബാങ്കുകളില്‍നിന്നു ജപ്തി നടപടികളായി.