മൂന്ന് പേരും ആ മുറിയില്‍ ഉണ്ടായിരുന്ന കഞ്ചാവുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞാല്‍ അത് തെളിയിക്കാന്‍ എക്‌സൈസിന് വിയര്‍ക്കേണ്ടിയും വരും. ഇതെല്ലാം അറിയാവുന്ന എക്‌സൈസാണ് സിനിമാ സംവിധായകരുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്‌തത്

തിരുവനന്തപുരം: ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സിനിമാ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരുടെ ശരീരസ്രവങ്ങളുടെ സാമ്പിള്‍ പരിശോധന നടത്താത്ത എക്‌സൈസിന്റെ നടപടിയില്‍ സര്‍ക്കാരിന് കടുത്ത അമര്‍ഷം. വി.ഐ.പികള്‍ ഉള്‍പ്പെടുന്ന ലഹരിക്കേസുകളില്‍ വരുത്തുന്ന വീഴ്‌ചകള്‍ പിന്നീട് തിരിച്ചടിയാകുന്നതായാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍.
അടുത്ത കാലത്ത് കായംകുളം എം.എല്‍.എ: യു. പ്രതിഭയുടെ മകന്‍ പ്രതിയായ കഞ്ചാവ് കേസില്‍ വൈദ്യ പരിശോധന നടത്താത്ത എക്‌സൈസ് നടപടി വലിയ വിവാദമായിരുന്നു. എന്നിട്ടും ലഹരിക്കേസുകളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ശരീരസ്രവങ്ങളുടെ സാമ്പിള്‍ പരിശോധന സംവിധായകരുടെ കാര്യത്തില്‍ നടന്നില്ല.
കൊച്ചിയില്‍ പുലര്‍ച്ച നടന്ന റെയ്‌ഡില്‍ കഞ്ചാവ് കൈവശം വച്ചതിനാണ് മൂന്നുപേര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിരുന്നു. അതുകൊണ്ട് ലഹരി ഉപയോഗം നോക്കേണ്ട കാര്യമില്ലെന്നാണു വീഴ്‌ചയെ ന്യായീകരിക്കാന്‍ എക്‌സൈസുകാര്‍ പറയുന്നത്. രണ്ടും ഒരേ ശിക്ഷ ലഭിക്കാവുന്ന ചെറിയ കുറ്റങ്ങളാണെന്നും പറയുന്നു. എന്നാല്‍ ശരീരസ്രവ പരിശോധനയിലൂടെ പിടിക്കപ്പെട്ടവര്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് തെളിയിക്കാനായാല്‍ കേസിന് ബലം കൂടും.
മൂന്ന് പേരും ആ മുറിയില്‍ ഉണ്ടായിരുന്ന കഞ്ചാവുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞാല്‍ അത് തെളിയിക്കാന്‍ എക്‌സൈസിന് വിയര്‍ക്കേണ്ടിയും വരും. ഇതെല്ലാം അറിയാവുന്ന എക്‌സൈസാണ് സിനിമാ സംവിധായകരുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്‌തത്. മൂന്നുപേര്‍ ഒന്നിച്ചിരുന്ന മുറിയില്‍ നിന്നാണ് 1.6 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഇത് കൈവശം വച്ച ഒരാള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് കേസില്‍ പങ്കില്ലെന്ന് വാദിക്കാം. ഒപ്പമിരുന്നു എന്ന കാരണത്താല്‍ ആര്‍ക്കും മേല്‍ കുറ്റം ചുമത്താനാവില്ലെന്ന വാദവും ഉയരുന്നുണ്ട്.
ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കൈന്‍ കേസിലെ വിധി എതിരായത് പ്രാഥമികമായി വരുത്തിയ തെറ്റുകള്‍ കാരണമാണ്. ഇത് എണ്ണി പറഞ്ഞാണ് ഷൈനെ കോടതി വെറുതെ വിട്ടത്. ആ കേസ് അന്വേഷിച്ചത് പോലീസായിരുന്നു.
എസ്. നാരായണ്‍