രാസലഹരിയാണു ഡി.ആര്‍.ഐ. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു കൂടുതല്‍ തലവേദനയാകുന്നത്. രാജ്യത്തു പലയിടത്തും രാസലഹരി ഉത്‌പാദന പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നു.
തിരുവനന്തപുരം: രാജ്യത്ത് ആശങ്കാജനകമായ രീതിയില്‍ മയക്കുമരുന്നുകടത്ത് വര്‍ധിക്കുന്നതായി കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) റിപ്പോര്‍ട്ട്. കഞ്ചാവ്, കൊക്കെയ്‌ന്‍ തുടങ്ങിയ പരമ്പരാഗത ലഹരിമരുന്നുകള്‍ക്കു പുറമേ രാസലഹരികളും (സിന്തറ്റിക് ഡ്രഗ്) വന്‍തോതില്‍ രാജ്യത്ത് എത്തുന്നുവെന്നാണ് ഡി.ആര്‍.ഐ. റിപ്പോര്‍ട്ട് 2023-24 ചൂണ്ടിക്കാട്ടുന്നത്.
കര-വ്യോമ-കടല്‍മാര്‍ഗങ്ങള്‍ മുഖേനയുള്ള മയക്കുമരുന്ന് വ്യാപാരത്തിന് ഡാര്‍ക്ക് നെറ്റ് വ്യാപകമായി ഉപയോഗിക്കുന്നു. സാമ്പത്തികവിനിമയം ബിറ്റ്‌കോയിന്‍, മൊണേറോ തുടങ്ങി ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തിലായത് നിയമനടപടികള്‍ക്കു തിരിച്ചടിയാകുന്നു. ആഫ്രിക്കയില്‍നിന്നും മധ്യപൂര്‍വേഷ്യയില്‍നിന്നും വിമാനങ്ങളിലാണു കൊക്കെയ്‌നും ഹെറോയിനും വ്യാപകമായി ഇന്ത്യയിലേക്കു കടത്തുന്നത്. യാത്രക്കാരെ വാഹകരായി ഉപയോഗിച്ചും ചരക്കുകളുടെ മറവിലും അതിര്‍ത്തികളില്‍ ഡ്രോണുകളുടെ സഹായത്തോടെയും മയക്കുമരുന്ന് കടത്തുന്നു.
വിമാനമാര്‍ഗം കൊക്കെയ്‌ന്‍ കടത്തുന്നതു വര്‍ഷംതോറും വര്‍ധിച്ചുവരുന്നു. 2021-ല്‍ ആറ് കേസുകളിലായി 15 കിലോ കൊക്കെയ്‌നാണ് പിടികൂടിയതെങ്കില്‍ 2023-ല്‍ ഇത് 65 കേസുകളിലായി 102 കിലോയായി ഉയര്‍ന്നു.
കൊറിയര്‍ സര്‍വീസുകള്‍ മുഖേന കൊക്കെയ്‌ന്‍ കടത്തുന്നതു പ്രധാനമായും തെക്കനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നാണ്. വിമാനത്താവളങ്ങള്‍ വഴിയുള്ള ഹെറോയിന്‍ കടത്ത് വന്‍തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഫ്‌ഗാനിസ്‌ഥാനില്‍ കറുപ്പ് കൃഷിയിലുണ്ടായ കുറവാണ് കാരണം.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള ഹെറോയിന്‍ കടത്തിനു കുറവുണ്ടായിട്ടില്ല. 2022-ല്‍ 65 കേസുകളിലായി 291 കിലോഗ്രാം ഹെറോയിന്‍ വിവിധ വിമാനത്താവളങ്ങളില്‍ പിടികൂടിയപ്പോള്‍, 2023-ല്‍ 14 കേസുകളില്‍നിന്ന് 65 കിലോഗ്രാമായി കുറഞ്ഞു. കഞ്ചാവ് കൃഷി വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലേക്കും വ്യാപിച്ചു.
രാസലഹരിയാണു ഡി.ആര്‍.ഐ. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു കൂടുതല്‍ തലവേദനയാകുന്നത്. രാജ്യത്തു പലയിടത്തും രാസലഹരി ഉത്‌പാദന പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നു.