രാജ്യത്ത് സിഗരറ്റ് നിര്‍മാണം കുറഞ്ഞെന്നു നമ്മള്‍ അവകാശപ്പെടുമ്പോള്‍, സിഗരറ്റ് കള്ളക്കടത്ത് വര്‍ധിച്ചെന്നാണ് ഈ വര്‍ഷം ആദ്യം ഡി.ആര്‍.ഐ. കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍.

തിരുവനന്തപുരം: രാസലഹരി ഉള്‍പ്പെടെയുള്ളവയുടെ ഭീഷണിയെക്കുറിച്ച് കേരളം വല്ലാതെ ആശങ്കപ്പെടുമ്പോള്‍ അതിലേക്കു നയിക്കുന്ന സിഗരറ്റിന്റെ പങ്ക് ചൂണ്ടിക്കാട്ടി ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റസ് (ഡി.ആര്‍.ഐ) റിപ്പോര്‍ട്ട്. നിരോധിത ഇലക്‌ട്രോണിക് സിഗരറ്റുകളുടെ (ഇ-സിഗരറ്റ്) കള്ളക്കടത്ത് ഇന്ത്യയില്‍ വര്‍ധിച്ചെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.
പുകയില നിയന്ത്രണത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ കണ്‍വന്‍ഷന്‍ ചട്ടക്കൂട് തന്നെ ഇന്ത്യയെ നിയമവിരുദ്ധ പുകയില ഉല്‍പ്പന്നങ്ങളുടെ കേന്ദ്രമായാണു തുറന്നുകാട്ടുന്നത്. രാജ്യത്ത് സിഗരറ്റ് നിര്‍മാണം കുറഞ്ഞെന്നു നമ്മള്‍ അവകാശപ്പെടുമ്പോള്‍, സിഗരറ്റ് കള്ളക്കടത്ത് വര്‍ധിച്ചെന്നാണ് ഈ വര്‍ഷം ആദ്യം ഡി.ആര്‍.ഐ. കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍.
ഇ-സിഗരറ്റുകളുടെ ഉത്‌പാദനം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വില്‍പ്പന, വിതരണം, സംഭരണം, പരസ്യം എന്നിവയൊക്കെ സര്‍ക്കാര്‍ നിരോധിച്ചതാണ്. എന്നാല്‍, യുവാക്കള്‍ക്കിടയിലെ വര്‍ധിച്ച ആവശ്യകതയാണു നിയമവിരുദ്ധ ഇറക്കുമതിക്കു വഴിമാറുന്നത്.ഇ-സിഗരറ്റുകളും വാപ്പിങ് ഉല്‍പ്പന്നങ്ങളും ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ കള്ളക്കടത്തുകാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, കുറിയര്‍ സേവനങ്ങള്‍ എന്നിവയടക്കം ഉപയോഗപ്പെടുത്തുകയാണ്.
കള്ളക്കടത്തിലൂടെ എത്തുന്ന സിഗരറ്റുകളില്‍ ദോഷകരമായ വസ്‌തുക്കള്‍ വലിയതോതിലുണ്ട്. സമ്പദ്‌വ്യവസ്‌ഥ, പൊതുജനാരോഗ്യം, ദേശീയസുരക്ഷ എന്നിവയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇവ സൃഷ്‌ടിക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷം വിദേശത്തുനിന്നുള്ള പതിനേഴ് സിഗരറ്റ് കടത്താണു പിടികൂടിയത്. ഏകദേശം 45 ദശലക്ഷം സിഗരറ്റ് സ്‌റ്റിക്കുകളാണു പിടിച്ചെടുത്തത്. ചെന്നൈ, ഷില്ലോങ്, ഗുവാഹത്തി, മുംബൈ, വിജയവാഡ, ഐസ്വാള്‍ എന്നീ നഗരങ്ങളിലാണു റെയ്‌ഡുകള്‍ നടന്നത്.