2022-23ല്‍ 1.19 ലക്ഷം കോടിയായിരുന്നു കാര്‍ഷിക വായ്‌പ. 2023-24ല്‍ ഇത് 1.38 ലക്ഷം കോടിയായി ഉയര്‍ന്നു. ഇതില്‍ 1.04 ലക്ഷം കോടിയും പൊതുമേഖല ബാങ്കുകള്‍ നല്‍കിയ വായ്‌പകളാണ്.
![kerala](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/762875/Money-Coin.jpg?w=640&ssl=1)
തിരുവനന്തപുരം: സംസ്‌ഥാനത്തെ കാര്‍ഷിക വായ്‌പയില്‍ വലിയതോതിലുള്ള വര്‍ധനയുണ്ടാകുന്നുണ്ടെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2022-23ല്‍ 1.19 ലക്ഷം കോടിയായിരുന്നു കാര്‍ഷിക വായ്‌പ. 2023-24ല്‍ ഇത് 1.38 ലക്ഷം കോടിയായി ഉയര്‍ന്നു. ഇതില്‍ 1.04 ലക്ഷം കോടിയും പൊതുമേഖല ബാങ്കുകള്‍ നല്‍കിയ വായ്‌പകളാണ്.
കാര്‍ഷിക വായ്‌പകളില്‍ സ്വകാര്യമേഖലയുടെയും വാണിജ്യ ബാങ്കുകളുടെയും വിഹിതം 11000 കോടിയും സഹകരണ ബാങ്കുകളുടേത് 18,000 കോടിയുമാണ്. 2021 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പ്രകാരം കാര്‍ഷിക വായ്‌പകളില്‍ വര്‍ധന പ്രകടമാണ്.
സംസ്‌ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാല്‍ ഉത്‌പാദനം കുറയുകയും മാംസത്തിന്റെ ഉത്‌പാദനം വര്‍ധിക്കുകയും ചെയ്‌തു. 2022-23 സാമ്പത്തിക വര്‍ഷം 230 ലക്ഷം മെട്രിക് ടണ്‍ പാലാണ് കേരളം ഉല്‍പ്പാദിപ്പിച്ചത്. എന്നാല്‍, 2023-24 ല്‍ ഇത് 220 മെട്രിക് ടണ്ണായി കുറഞ്ഞു. 2018-19 മുതല്‍ 2022-23 വരെ തുടര്‍ച്ചയായി 230 ലക്ഷം മെട്രിക് ടണ്‍ എന്ന സ്‌ഥിരതയാര്‍ന്ന പാല്‍ ഉത്‌പാദനത്തിലാണ് ഈ ഇടിവ്.
അതേസമയം 2022-23 വര്‍ഷം 180 ലക്ഷം മെട്രിക് ടണ്ണായിരുന്ന കേരളത്തിന്റെ മാംസ ഉത്‌പാദനം നടപ്പുവര്‍ഷം 190 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിച്ചു. പോത്തിറച്ചിയിലാണ് വലിയ വര്‍ധനയുണ്ടായിട്ടുള്ളത്. മൊത്തം വിഹിതത്തിന്റെ 43 ശതമാനവും പോത്തിറച്ചിയാണ്. 41 ശതമാനം കോഴിയിറച്ചിയും ഒരു ശതമാനം ആട്ടിറച്ചിയും നാല് ശതമാനം പന്നിയിറച്ചിയും 11 ശതമാനം മറ്റ് കന്നുകാലിയിനങ്ങളുമാണ് മാംസ ഉത്‌പാദനത്തിലുള്ളത്.
സംസ്‌ഥാനത്തിന്റെ മൊത്തം ഭൂവിസ്‌തൃതി 38.86 ലക്ഷം ഹെക്‌ടറാണ്. ഇതില്‍ കൃഷിയോഗ്യമായ ഭൂമി 25.6 ലക്ഷം ഹെക്‌ടറും (65.3 ശതമാനം) കൃഷി ചെയ്യുന്ന ഭൂമി 19.7 ലക്ഷം ഹെക്‌ടറും (50.8 ശതമാനം)ആണ്. കാര്‍ഷികേതര ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി 6.1 ലക്ഷം ഹെക്‌ടറാണ് (15.7 ശതമാനം). വനപ്രദേശം 10.82 ലക്ഷം ഹെക്‌ടറും (27.8 ശതമാനം). മൊത്തം കൃഷി ഭൂമിയില്‍ 9.8 ശതമാനം ഭക്ഷ്യവിളകളും 65.7 ശതമാനം നാണ്യവിളകളുമാണ്. മൊത്തം കൃഷിഭൂമിയുടെ 30.2 ശതമാനത്തോളം നാളികേര കൃഷിയുണ്ട്. തൊട്ടുപിന്നിലായി റബറും (21.6 ശതമാനം). നെല്ല് 7.1 ശതമാനവും മറ്റു തോട്ടവിളകള്‍ 28 ശതമാനവുമാണ്.