സംസ്‌ഥാന ബജറ്റിനൊപ്പം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലാണ് ധനസ്‌ഥിതി ആശാവഹമായ രീതിയില്‍ വളരുന്നതായി ചൂണ്ടിക്കാട്ടുന്നത്.
![kerala](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/762884/sectre.jpg?w=640&ssl=1)
തിരുവനന്തപുരം: സംസ്‌ഥാനം വളര്‍ച്ചയുടെ പാതയിലെന്ന് സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. സംസ്‌ഥാന ബജറ്റിനൊപ്പം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലാണ് ധനസ്‌ഥിതി ആശാവഹമായ രീതിയില്‍ വളരുന്നതായി ചൂണ്ടിക്കാട്ടുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്‌ഥാനം 6.5% സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയെന്ന് സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവും മൊത്ത സംസ്‌ഥാന ആഭ്യന്തര ഉത്‌പാദനവും (ജി.എസ്.ഡി.പി) ഉള്ള രാജ്യത്തെ പത്തു സംസ്‌ഥാനങ്ങളില്‍ ഒന്നാണ് കേരളം. 2022-23ല്‍ സാമ്പത്തിക വളര്‍ച്ച 4.2 ശതമാനമായിരുന്നത് 2023-24 ആയപ്പോള്‍ 6.5% മായി വളര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദ്രുതക്കണക്കില്‍ സംസ്‌ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനം 2023-24ല്‍ 6,35,13,653 ലക്ഷം രൂപയായി. യഥാര്‍ഥ മൊത്ത സംസ്‌ഥാന സംയോജിത മൂല്യം (2011-12 വിലയില്‍) 2022-23ലെ 5.3 ശതമാനത്തില്‍നിന്ന് 2023-24ല്‍ 7.2 ശതമാനമായും വര്‍ധിച്ചു. നടപ്പു വിലയില്‍ 2022-23ലെ 10.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം സംസ്‌ഥാന ആഭ്യന്തരമൂല്യം 11.9% വളര്‍ച്ച കൈവരിച്ച് 11,46,10,867 ലക്ഷം രൂപയായി.
കേരളത്തിന്റെ പ്രതിശീര്‍ഷ മൊത്ത സംസ്‌ഥാന ആഭ്യന്തര ഉത്‌പാദനം 2023-24ല്‍ ദേശീയ ശരാശരിയായ 1,24,600 രൂപയേക്കാള്‍ 5.5% വര്‍ധിച്ച് 1,76,072 രൂപയായി മാറിയെന്നും സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലും സംസ്‌ഥാനം മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2023-24 ല്‍ പ്രതീശീര്‍ഷ വരുമാനം 5.5 ശതമാനം വര്‍ധിച്ച് 1,76,072 രൂപയായി. ദേശീയ ശരാശരി 1,24,600 രൂപയാണ്. കേരളത്തിലെ ഒരു വ്യക്‌തിയുടെ ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. മാത്രമല്ല ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള പത്ത് സംസ്‌ഥാനങ്ങളില്‍ ഒന്നാണ് കേരളം.
വിവിധ മേഖലകളും വാര്‍ഷിക വളര്‍ച്ചയില്‍ മികവ് പുലര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കൃഷിയും അനുബന്ധ വിഭാഗങ്ങളും ഉള്‍പ്പെടുന്ന പ്രാഥമിക മേഖലയിലെ വളര്‍ച്ച 2022-23ലെ 3.2 ശതമാനത്തില്‍ നിന്ന് 2023 24 ല്‍ 4.7 ശതമാനമായി ഉയര്‍ന്നു.
വ്യവസായങ്ങളും സംരംഭങ്ങളും ഉള്‍ക്കൊള്ളുന്ന ദ്വിതീയ മേഖലയുടെ വളര്‍ച്ച തൊട്ടു മുന്‍വര്‍ഷം 3.2 ശതമായിരുന്നത് നടപ്പുവര്‍ഷം 4.1 ശതമാനമായി വര്‍ധിച്ചു. എന്നാല്‍, സംസ്‌ഥാനത്ത് ജി.എസ്.ഡി.പിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നത് സേവന വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന തൃതീയ മേഖലയാണ്. നടപ്പുവര്‍ഷം ഈ മേഖലയുടെ വളര്‍ച്ച 8.9 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇത് ഏഴ് ശതമാനമായിരുന്നു. ധനക്കമ്മി കഴിഞ്ഞ വര്‍ഷം ജി.എസ്.ഡി.പിയുടെ 2.5 ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞു. അത് നടപ്പുവര്‍ഷം നേരിയതോതില്‍ വര്‍ധിച്ച് 2.9 ശതമാനമായി. വരുന്ന സാമ്പത്തിക വര്‍ഷം ഇത് 3.4 ശതമാമാകുമെന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്.