ബംഗളൂരു: തനിക്ക് കന്നഡ അറിയില്ലെന്ന്് ആക്ഷേപിച്ച വിദ്യാര്‍ത്ഥിക്കെതിരേ നടപടിയെടുക്കാന്‍ കര്‍ണാടകാ വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടത് വിവാദമാകുന്നു. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് എതിരേ പ്രതിപക്ഷമായ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. നല്ല തനി കന്നഡയില്‍ തന്നെ മറുപടി നല്‍കിയ അദ്ദേഹം വിദ്യാര്‍ത്ഥിയുടെ ആരോപണത്തെ ‘വിഡ്ഡിത്തം’ എന്നു വിശേഷിപ്പിച്ച ശേഷം സ്ഥലത്തുണ്ടായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നടപടിക്ക് ആഹ്വാനം ചെയ്യുകയുമായിരുന്നു.
ഒരു വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് വിദ്യാര്‍ത്ഥി മന്ത്രിക്ക് കന്നഡ അറിയില്ലെന്ന് പറഞ്ഞത്. കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്, ജെഇഇ, നീറ്റ് തുടങ്ങിയ എന്‍ജിനീയറിങ്, മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഏകദേശം 25,000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കോച്ചിംഗ് കോഴ്സ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു മന്ത്രി പ്രത്യക്ഷപ്പെട്ടത്.
വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അതില്‍ ‘വിദ്യാഭ്യാസ മന്ത്രിക്ക് കന്നഡ അറിയില്ല’ എന്നൊരു ശബ്ദം കേള്‍ക്കുന്നു. മന്ത്രി ഉടന്‍ പ്രതികരിച്ചു, ”എന്താണ്? ആരാണ്? ഞാന്‍ ഉറുദുവാണോ പിന്നെ സംസാരിക്കുന്നത്.”
ഇക്കാര്യം രേഖപ്പെടുത്തി അയാള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി ടീച്ചറോടും ബിഇഒ (ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസര്‍) യോടും ആവശ്യപ്പെട്ടു. ഇത് വളരെ ഗൗരവമായി എടുക്കേണ്ടതാണെന്നും തനിക്ക് നിശബ്ദമായി ഇരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാനുള്ള മന്ത്രിയുടെ ഉത്തരവിനെ പ്രതിപക്ഷമായ ബിജെപി രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്.
കര്‍ണാടക ബിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ മന്ത്രിയോട് ചോദ്യം ചോദിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും എംപിയുമായ പ്രഹ്ലാദ് ജോഷി, എക്സില്‍ ഒരു പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞു, ‘തനിക്ക് കന്നഡ അറിയില്ലെന്ന് മധു ബംഗാരപ്പ പരസ്യമായി സമ്മതിച്ചില്ലേ? ഇത് ഓര്‍മ്മിപ്പിച്ച വിദ്യാര്‍ത്ഥിയെ എന്തിനാണ് ശിക്ഷിക്കുന്നത്?? അവര്‍ ഇവിടെ വല്ലതും നേടാന്‍ ശ്രമിക്കുന്നുണ്ടോ? കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ എന്തു പ്രതീക്ഷിക്കാനാണ് എന്നും അദ്ദേഹം ചോദിച്ചു.