• Fri. Jan 31st, 2025

24×7 Live News

Apdin News

Eight families left their own farm and bedstead and moved to a rented house in Erumeli | ആനയും കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം ചേര്‍ന്ന് വീട്ടില്‍ നിന്നും ഇറക്കിവിട്ടു ; എട്ടു വീട്ടുകാര്‍ സ്വന്തം കൃഷിയും കിടപ്പാടവും ഉപേക്ഷിച്ച് എരുമേലിയിലെ വാടകവീട്ടില്‍

Byadmin

Jan 31, 2025


uploads/news/2025/01/761246/erumeli.jpg

കോട്ടയം: വന്യമൃഗശല്യം രൂക്ഷമായതിനേത്തുടര്‍ന്ന് കൃഷിയും കിടപ്പാടവും ഉപേക്ഷിച്ച് എരുമേലി, കണമലയില്‍ വാടകവീടുകളില്‍ അഭയം തേടിയത് എട്ട് കുടുംബങ്ങള്‍. ആനയും കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം വീട്ടുമുറ്റത്ത് എത്തിത്തുടങ്ങിയതോടെയാണ് ഉപജീവനമാര്‍ഗമായ കൃഷിപോലും ഉപേക്ഷിച്ച് എരുമേലി പഞ്ചായത്ത് 14-ാം വാര്‍ഡിലെ പാറക്കടവില്‍നിന്ന് ഇൗ കുടുംബങ്ങള്‍ കുടിയൊഴിഞ്ഞത്.

കണമലയില്‍ രണ്ട് കര്‍ഷകരെ വീടിനു മുന്നില്‍ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവമുണ്ടായത് പാറക്കടവില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ്. ഇതോടെയാണ് ഇവിടെ താമസിച്ചിരുന്നവര്‍ സര്‍വതും ഉപേക്ഷിച്ച പലായനത്തിനു നിര്‍ബന്ധിതരായത്. ഇൗ മേഖലയിലുള്ളവര്‍ക്ക് എല്‍.എ. പട്ടയമാണുള്ളത്. അതിനാല്‍ പുരയിടത്തിലുള്ള മരംപോലും വെട്ടാനാവില്ല. പുലര്‍ച്ചെ ആനയിറങ്ങുന്നതിനാല്‍ പലരും ജീവിതമാര്‍ഗമായ റബര്‍ ടാപ്പിങ് ഉപേക്ഷിച്ചു. ശബരിമല വനത്തില്‍നിന്നു മൃഗങ്ങള്‍ പുഴ കടന്നാണ് ജനവാസകേന്ദ്രമായ കണമലയിലെത്തുന്നത്.

പമ്പാവാലി, എയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി, കണമല തുടങ്ങി പെരിയാര്‍ കടുവാസങ്കേതത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യമാണുള്ളതെങ്കില്‍ മറ്റ് വാര്‍ഡുകളില്‍ കാട്ടാനയും കാട്ടുപോത്തുമാണ് ജനങ്ങളെ വിറപ്പിക്കുന്നത്. കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശങ്ങളിലും ജനം ഭീതിയിലാണ്. എരുമേലി മേഖലയില്‍ മൂന്നിടത്ത് നാട്ടുകാര്‍ പുലിയെ കണ്ടു. വളര്‍ത്തുനായ്ക്കള്‍, ആടുകള്‍, മുയലുകള്‍ എന്നിവയെ കാണാതായി. മുട്ടപ്പള്ളി, എലിവാലിക്കര, കാളകെട്ടി, തുമരംപാറ, ഇരുമ്പൂന്നിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടാനയ്ക്കു പുറമേ കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്.

വനാതിര്‍ത്തികളില്‍ സൗരോര്‍ജവേലി സ്ഥാപിച്ചാല്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നു പ്രദേശവാസികള്‍ പറയുന്നു. പി.സി. ജോര്‍ജ് എം.എല്‍.എയായിരിക്കേ 27 കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജവേലി സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ അവശിഷ്ടം പോലും ഒരിടത്തും കാണാനില്ല. വനാതിര്‍ത്തിയില്‍ പൂര്‍ണമായും സൗരോര്‍ജവേലി സ്ഥാപിക്കുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും പൂര്‍ത്തീകരിക്കാനായിട്ടില്ല. കിടങ്ങുകള്‍ നിര്‍മിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. വനാതിര്‍ത്തികളില്‍ സൗരോര്‍ജവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും കൃഷിനാശത്തിന് ഉടന്‍ നഷ്ടപരിഹാരമെന്ന വാഗ്ദാനവും പ്രഖ്യാപനത്തിലൊതുങ്ങി.



By admin