ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മുൻ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗമായ വിവി വിജീഷിനെ സസ്പെന്‍ഡ് ചെയ്തു

ഹൈക്കോടതിയിൽ എമ്പുരാൻ സിനിമയ്ക്കെതിരെ ഹര്‍ജി നൽകിയ ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ നടപടിയുമായി പാര്‍ട്ടി ജില്ലാ നേതൃത്വം. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മുൻ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗമായ വിവി വിജീഷിനെ സസ്പെന്‍ഡ് ചെയ്തു.
ബിജെപിക്ക് വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയുമായി ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹര്‍ജി നൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂര്‍ സിറ്റി ബിജെപി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് പറഞ്ഞു.പാർട്ടി നയത്തിനെതിരെ ആര് പ്രവർത്തിച്ചാലും ശക്തമായ നടപടി ഉണ്ടാകുമെന്നും ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ പരാതി കൊടുത്തതിൽ വിശദമായി അന്വേഷിക്കുമെന്നും തൃശൂർ സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജോർജ് പറഞ്ഞു.
സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകൻ വിവി വിജീഷ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. മോഹൻലാൽ പൃഥ്വിരാജ് ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും എതിർകക്ഷികൾ ആക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയിൽ എതിർകക്ഷികൾ ആക്കിയിട്ടാണ് ഹര്‍ജി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയിൽ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയിൽ പറയുന്നുണ്ട്.
ബിജെപിയുടെ അറിവോടെ അല്ല പരാതി നൽകിയതെന്ന് ബിജെപി പ്രവർത്തകൻ വിജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകിയത് വ്യക്തിപരമായിട്ടാണ്. ബെംഗളൂരുവിലാണ് ഇപ്പോൾ താൻ ഉള്ളത്. മത ദ്രുവീകരണം ഉണ്ടാക്കുകയാണ് സിനിമ ചെയ്യുന്നത്. അതിൽ മനംനൊന്താണ് ഇത്തരത്തിൽ ഒരു പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് താൻ. പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടില്ല. വ്യക്തിപരമായ പരാതിയെന്ന് അഭിഭാഷകനോട് പറഞ്ഞിട്ടുണ്ട്. പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.