കഴിഞ്ഞവര്‍ഷം ആറുശതമാനം കാട്ടാനകളാണു ചരിഞ്ഞതെന്നു കേരളം അറിയിച്ചപ്പോഴാണ് എങ്ങനെ ചത്തു എന്നത് തെളിവുസഹിതം വ്യക്‌തമാക്കാന്‍ ആവശ്യപ്പെട്ടത്

കൊച്ചി: കാട്ടാന, പുലി, കടുവ എന്നിവ ചത്താല്‍ തെളിവുസഹിതം കൃത്യമായ റിപ്പോര്‍ട്ട് നല്‍കണമെന്നു കേരളത്തോടു കേന്ദ്ര വനം- വന്യജീവി മന്ത്രാലയം.
കഴിഞ്ഞവര്‍ഷം ആറുശതമാനം കാട്ടാനകളാണു ചരിഞ്ഞതെന്നു കേരളം അറിയിച്ചപ്പോഴാണ് എങ്ങനെ ചത്തു എന്നത് തെളിവുസഹിതം വ്യക്‌തമാക്കാന്‍ ആവശ്യപ്പെട്ടത്.
വന്യജീവികളെ അപായപ്പെടുത്തിയതാണെന്ന നിഗമനത്തോടെയാണു മന്ത്രാലയം തെളിവുസഹിതം റിപ്പോര്‍ട്ട് തേടിയത്. ഇനി ചരിയുന്ന ഒരോ കാട്ടാനയുടേയും പുലി, കടുവ എന്നിവയെക്കുറിച്ചുമുള്ള വ്യക്‌തമായ റിപ്പോര്‍ട്ട് ചിത്രങ്ങളും വീഡിയോയും സഹിതം നല്‍കണം. അതിനായി പ്രത്യേക സോഫ്‌റ്റ്വേര്‍ സംസ്‌ഥാനം തയാറാക്കി വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ലോഡ് ചെയ്ണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
സോഫ്‌റ്റ്വേര്‍ തയാറാക്കുന്നതിനുള്ള ജോലി തുടങ്ങിക്കഴിഞ്ഞു. വന്യജീവികളെ മറവുചെയ്യുന്ന ഘട്ടത്തില്‍ ചട്ടപ്രകാരമുള്ള നടപടികളെല്ലാം ഇനി ചിത്രീകരിക്കണം. വെടിയുണ്ട കണ്ടെത്താനുള്ള മെറ്റല്‍ ഡിറ്റക്‌റ്റര്‍ ഉപയോഗിച്ചുള്ള ജഡപരിശോധന, പോസ്‌റ്റ്മോര്‍ട്ടം, മറവുചെയ്യല്‍ എന്നിവയും ചിത്രീകരിക്കണം. ഫോറസ്‌റ്റ് വെറ്റിനററി സര്‍ജന്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ വെറ്റിനററി ഡോക്‌ടര്‍മാര്‍ ചേര്‍ന്നുവേണം പോസ്‌റ്റ്മോര്‍ട്ടം നടത്താന്‍. ചരിഞ്ഞ കാട്ടാന, പുലി, കടുവ എന്നിവയുടെ വിവരങ്ങളും ചിത്രങ്ങളും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിയന്ത്രണത്തിലാണ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. ജഡത്തിന്റെ നാലുവശത്തുനിന്നുമുള്ള ചിത്രങ്ങളും നല്‍കണം.
ജെബി പോള്‍