
പത്തനംതിട്ട: വ്യാജ ഹാള്‍ടിക്കറ്റ് ആയതിനാല്‍ പരീക്ഷയ്ക്ക് കുട്ടി പോകില്ലെന്ന് കരുതിയായിരുന്നു വ്യാജന്‍ നിര്‍മ്മിച്ചു നല്‍കിയതെന്ന് അക്ഷയാ സെന്ററുകാരി. മുന്‍കൂറായി പണം വാങ്ങുകയും വിദ്യാര്‍ത്ഥി നിരന്തരം വന്ന് ശല്യപ്പെടുത്തുകയും ചെയ്തതോടെ വ്യാജഹാള്‍ടിക്കറ്റ് ഉണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയിലായിപ്പോയെന്നും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗൂഗിള്‍ നോക്കി സമാന രീതിയിലുള്ള പതിപ്പുണ്ടാക്കിയതെന്നും പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററില്‍ വച്ചാണ് വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയത്. ദൂരം കണക്കാക്കി വിദ്യാര്‍ത്ഥി പോകാതിരിക്കും എന്ന് കരുതിയാണ്് പത്തനംതിട്ട ആക്കിയത്. ഗൂഗിള്‍ സേര്‍ച്ച് ചെയ്താണ് പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിന്റെ വിലാസം ഹാള്‍ ടിക്കറ്റില്‍ വച്ചത്. ഹാള്‍ ടിക്കറ്റില്‍ മറ്റെല്ലാ ഇടങ്ങളിലും തിരുത്തല്‍ വരുത്തിയിരുന്നു. എന്നാല്‍ ബാര്‍കോഡില്‍ പണി പാളിപ്പോയി.
ബാര്‍കോഡും സാക്ഷ്യപത്രവും തിരുത്താന്‍ വിട്ടുപോയത് വിനയായി. കുട്ടിയുടെ മാതാവില്‍ നിന്നും നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി 1850 രൂപ മുന്‍കൂറായി വാങ്ങി. എന്നാല്‍ അപേക്ഷ നല്‍കാന്‍ മറന്നുപോയി. ഹാള്‍ ടിക്കറ്റുകള്‍ വന്നതറിഞ്ഞ് വിദ്യാര്‍ത്ഥി പലവട്ടം വന്നതോടെയാണ് വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. തിരുപുറം സ്വദേശിയാണ് ഗ്രീഷ്മ.
പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളിലാണ് വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാര്‍ത്ഥി എത്തിയത്. ഹാള്‍ടിക്കറ്റിലെ റോള്‍ നമ്പറില്‍ മറ്റൊരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥി പരീക്ഷ എഴുതുന്നത് നിര്‍ത്തിപ്പിച്ചു. ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.