• Thu. May 1st, 2025

24×7 Live News

Apdin News

Excise spreads its net; A month and a half ago, filmmakers barely escaped with their lives | എക്‌സൈസ്‌ വല വിരിച്ചു, ഫ്‌ളാറ്റി​ലെ തര്‍ക്കം ലക്ഷ്യം തുലച്ചു; സിനിമാക്കാരും സെലിബ്രിറ്റികളും അടക്കമുള്ളവര്‍ ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്

Byadmin

May 1, 2025


സിന്തറ്റിക്‌ ലഹരിയുടെ സാന്നിധ്യവും ഫ്‌ളാറ്റിലുണ്ടെന്നു വിവരം കിട്ടി. അന്ന്‌ എക്‌സൈസ്‌ പരിശോധന നടത്തിയിരുന്നെങ്കില്‍ ലഹരിക്കേസില്‍ പ്രതികളായി പ്രമുഖരുടെ നീണ്ട നിര തന്നെ ഉണ്ടാകുമായിരുന്നുവെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു.

drug

കൊച്ചി: ഒന്നരമാസത്തിലേറെയായി സിനിമാക്കാര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍. ഒരുമാസം മുമ്പുനടന്ന ഓപ്പറേഷനില്‍ നിന്നു സിനിമക്കാര്‍ രക്ഷപ്പെട്ടതു തലനാരിഴയ്‌ക്കാണ്‌. സിനിമക്കാരും സെലിബ്രിറ്റികളും അടക്കം ഹൈ പ്രൊഫൈല്‍ കക്ഷികള്‍ തങ്ങുന്ന മറൈന്‍ ഡ്രൈവിലെ പൂര്‍വ ഗ്രാന്‍ഡ്‌ ബേ.

ഇവിടെ ഫ്‌ളാറ്റ്‌ നമ്പര്‍ 506 ല്‍ ആണ്‌ പ്രശസ്‌ത സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ താമസിച്ചിരുന്നത്‌. കൊച്ചിയിലെ സിനിമക്കാരുടെ ഒത്തുകൂടല്‍ കേന്ദ്രമാണിത്‌. നിരവധി ഹിറ്റ്‌ സിനിമകളുടെ ചര്‍ച്ചകളും ആലോചനകളും നടന്നിരുന്നത്‌ ഈ ഫ്‌ളാറ്റ്‌ കേന്ദ്രീകരിച്ചായിരുന്നു. സംവിധായകര്‍ക്കുപുറമെ നടന്‍മാര്‍, ഛായാഗ്രാഹകര്‍, തിരക്കഥാകൃത്തുകള്‍ എന്നിങ്ങനെ സിനിമ മേഖലയിലെ പ്രമുഖരെല്ലാം പലപ്പോഴായി ഈ ഫ്‌ളാറ്റിലെത്തിയിട്ടുണ്ട്‌.

സിനിമ ചര്‍ച്ചകള്‍ മൂക്കാന്‍ ലഹരിമരുന്നിനെ കൂട്ടുപിടിച്ചതോടെയാണു ഫ്‌ളാറ്റ്‌ നിരീക്ഷണത്തിലായത്‌. കഞ്ചാവിനപ്പുറം സിന്തറ്റിക്‌ ലഹരി വലിയതോതില്‍ ഇവിടെ ഉപയോഗിച്ചിരുന്നുവെന്ന വിവരം വിശ്വസിക്കാവുന്ന കേന്ദ്രത്തില്‍ നിന്നു ലഭിച്ചു. പതിവായി ഫ്‌ളാറ്റിലെത്തിയിരുന്ന ആളുകളെ മഫ്‌തിയിലുള്ള എക്‌സൈസ്‌ സംഘം രാപ്പകല്‍ വ്യത്യാസമില്ലാതെ നിരീക്ഷിച്ചു. കൂടുതലും രാത്രിയിലായിരുന്നു ഒത്തുചേരലുകള്‍. പത്തുമണിക്കു ശേഷം തുടങ്ങുന്ന ചര്‍ച്ചകളും സംഗമങ്ങളും അതിരാവിലെ വരെ നീണ്ടുവെന്നാണ്‌ എക്‌സൈസ്‌ നല്‍കുന്ന വിവരം.

വിശ്വാസയോഗ്യമായ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസ്‌ സംഘം ഗ്രാന്‍ഡ്‌ ബേയില്‍ എത്തി. നടന്‍മാരും സംവിധായകരുമടക്കം അന്ന്‌ അവിടെ ഒത്തുകൂടിയിരുന്നു. സിന്തറ്റിക്‌ ലഹരിയുടെ സാന്നിധ്യവും ഫ്‌ളാറ്റിലുണ്ടെന്നു വിവരം കിട്ടി. എന്നാല്‍ അന്നു കെട്ടിടത്തിലെ മറ്റൊരു നിലയിലുണ്ടായ തര്‍ക്കം എക്‌സൈസിന്റെ ലക്ഷ്യം തുലച്ചു. അഭിഭാഷകരായ ചിലര്‍ ഉള്‍പ്പെട്ട തര്‍ക്കം ബഹളത്തിലേക്കു നയിച്ചു. ഈ ബഹളംകേട്ടു സമീര്‍ താഹിറിന്റെ ഫ്‌ളാറ്റിലുണ്ടായിരുന്നവര്‍ സ്‌ഥലംവിട്ടു. അന്ന്‌ എക്‌സൈസ്‌ പരിശോധന നടത്തിയിരുന്നെങ്കില്‍ ലഹരിക്കേസില്‍ പ്രതികളായി പ്രമുഖരുടെ നീണ്ട നിര തന്നെ ഉണ്ടാകുമായിരുന്നുവെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച്‌ പതിനാറിന്‌ ഓപ്പറേഷന്‍ പാളിയെങ്കിലും എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ ക്ഷമയോടെ കാത്തിരുന്നു. ഫ്‌ളാറ്റില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കി. അങ്ങനെയാണ്‌ ആദ്യശ്രമം പാളി നാല്‍പതാം ദിവസം എക്‌സൈസ്‌ സംഘം ഗ്രാന്‍ഡ്‌ ബേയിലേക്ക്‌ എത്തുന്നവത്‌. രാത്രി പതിനൊന്നു മണിയോടെയെത്തിയ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രമോദും സംഘവും ഫ്‌ളാറ്റ്‌ നമ്പര്‍ 506 ലക്ഷ്യമാക്കിനീങ്ങി. വാതില്‍ മുട്ടിയതോടെ ഒരാള്‍ മുറി തുറന്നു. എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെ അയാള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല.

മുറി തുറന്ന വഴി ഉദ്യോഗസ്‌ഥര്‍ അകത്തുകയറി. കട്ടിലില്‍ ഹൈബ്രിഡ്‌ കഞ്ചാവും വലിക്കാനുള്ള ബോങ്‌ (ചില്ലുകൊണ്ടുള്ള കുഴലുപോലുള്ള ഉപകരണം), കഞ്ചാവ്‌ പൊടിക്കാനുള്ള ക്രഷര്‍ എന്നിവ സജ്‌ജമാക്കി ലഹരി ഉപയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു മൂന്നുപേര്‍. സംവിധായകരായ ഖാലിദ്‌ റഹ്‌മാനും അഷ്‌റഫ്‌ ഹംസയും സുഹൃത്ത്‌ ഷാലിഫ്‌ മുഹമ്മദും ഒന്നര ഗ്രാം ഹൈബ്രിഡ്‌ കഞ്ചാവുമായാണു പിടിയിലായത്‌. ബാങ്കോക്കിലും തായ്‌ ലാന്‍ഡിലും ഉത്‌പാദിപ്പിക്കുന്ന കഞ്ചാവ്‌ ഇവരുടെ കൈവശം വന്നത്‌ എങ്ങനെ, ആരു കൈമാറി എന്നീ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുകയാണ്‌ എക്‌സൈസ്‌.

ഷാലിഫ്‌ മുഹമ്മദാണു കഞ്ചാവ്‌ അന്നു മുറിയിലെത്തിച്ചത്‌. ഈ കഞ്ചാവ്‌ കൈമാറിയതു കൊച്ചിക്കാരനായ മറ്റൊരാളെന്നാണു മൊഴി. ഇയാളെ ഷാലിഫിനു പരിചയപ്പെടുത്തി നല്‍കിയ ആളെ എക്‌സൈസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിയുടെ റൂട്ട്‌ മാപ്പ്‌ വ്യക്‌തമാകുമെന്നാണു പ്രതീക്ഷ. ഒരു കിലോ ഹൈബ്രിഡ്‌ കഞ്ചാവിനു കോടികളാണു വില. വിദേശത്തു നിന്നു വിമാനമാര്‍ഗം കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ്‌ കഞ്ചാവ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ കയറ്റിയക്കുകയാണു പതിവ്‌.



By admin