
rep. image
കൊച്ചി: ഈ മാസം പ്രഖ്യാപിച്ചിരുന്ന സൂചനാ സിനിമാസമരത്തില്‍നിന്നു പിന്മാറി ഫിലിം ചേംബര്‍. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ തീര്‍ക്കാന്‍ സംസ്‌ഥാന സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കു തയാറാണെന്നും ഫിലിം ചേംബര്‍ അറിയിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ അഭ്യര്‍ഥന മാനിച്ചാണ് ചര്‍ച്ചയിലേക്ക് കടക്കുന്നത്. പത്താം തീയതിക്കുശേഷമാകും ചര്‍ച്ചയെന്നു ചേംബര്‍ പ്രസിഡന്റ് ബി.ആര്‍. ജേക്കബ് അറിയിച്ചു.
ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജൂണ്‍ ഒന്നുമുതലുള്ള അനിശ്‌ചിതകാല സമരത്തില്‍ ഉറച്ചു നില്‍ക്കും. മോഹന്‍ലാല്‍ നായകനാവുന്ന ‘എമ്പുരാന്‍’ സിനിമയുടെ റിലീസിനെ സമരം ഒരു തരത്തിലും ബാധിക്കില്ലെന്നും ചേംബര്‍ അറിയിച്ചു. ഈ മാസം 27 നാണ് ‘എമ്പുരാന്‍’ റിലീസ് ചെയ്യുന്നത്. തീയറ്റര്‍ വ്യവസായം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാനെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുമെന്ന് പത്രസമ്മേളനത്തില്‍ ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. പക്ഷേ, സെന്‍സര്‍ ബോര്‍ഡാണ് വയലന്‍സ് ഉള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാനില്ലെന്നും ചേംബര്‍ പറഞ്ഞു.
ജൂണ്‍ ഒന്നു മുതല്‍ സിനിമാ മേഖല സ്‌തംഭിപ്പിച്ചുള്ള സമരം നടത്തുമെന്ന, നിര്‍മാതാവ് സുരേഷ് കുമാറിന്റെ വാര്‍ത്താ സമ്മേളനത്തോടെയാണു സിനിമാ മേഖലയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പുകഞ്ഞു തുടങ്ങിയത്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം ഉള്‍പ്പെടെ നിര്‍മ്മാതാക്കളെ പിന്നോട്ടടിക്കുകയാണെന്നും മലയാള സിനിമയുടെ കൊട്ടിഘോഷിക്കപ്പെട്ട നൂറുകോടി ക്ലബുകളും മറ്റും വാസ്‌തവ വിരുദ്ധമാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ മലയാള സിനിമകളുടെ വര്‍ധിച്ചുവരുന്ന ബജറ്റ് ഉദാഹരിക്കാനായി ‘എമ്പുരാന്‍’ സിനിമയുടെ ബജറ്റാണ് സുരേഷ് കുമാര്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് സുരേഷ് കുമാറിന് എങ്ങനെ അറിയാമെന്നു ചോദിച്ചുകൊണ്ട് പരസ്യ വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ആന്റണിയെ പിന്തുണച്ച് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും രംഗത്തെത്തി. രൂക്ഷമാവുന്ന തര്‍ക്കം പരിഹരിക്കാന്‍ ഫിലിം ചേംബര്‍ ആണ് മുന്നിട്ടിറങ്ങിയത്. പിന്നാലെ സുരേഷ് കുമാറിനെതിരായ പോസ്‌റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിക്കുകയും ചെയ്‌തിരുന്നു.