കോട്ടയം: അപകടത്തില്‍ കാല്‍ മുറിച്ചു മാറ്റേണ്ടി വന്ന യുവാവിന്റെ കാര്‍ട്ടിലേജ് – ബോണ്‍ കോംപ്ലക്‌സ് 23കാരന്റെ കാല്‍മുട്ടിലേക്ക് മാറ്റി സ്ഥാപിച്ച് അവയവ മാറ്റ ശസ്ത്രക്രിയ രംഗത്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ പുതിയ ചരിത്രം കുറിച്ചു. മറ്റ് അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് പുറമെ കാര്‍ട്ടിലേജ് – ബോണും മാറ്റി സ്ഥാപിക്കാമെന്ന പുതിയ വിപ്ലവത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. നൂതനമായ എഫ്.ഒ.സി.എ.ടി( ഫ്രഷ് ഓസ്റ്റിയോ കോണ്‍ട്രല്‍ അല്ലോഗ്രാഫ്റ്റ് ട്രാന്‍സ്പ്ലാന്റേഷന്‍ ) എന്ന ശസ്ത്രക്രിയ, മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.രാജീവ് പി.ബി. യുടെ നേതൃത്വത്തിലാണ് വളരെ വിജയകരമായി നടത്തിയത്.
കായംകുളം സ്വദേശിയായ യുവാവിനാണ് ഏഴ് മാസം മുന്‍പ് നടന്ന വാഹനാപകടത്തില്‍ കാല്‍മുട്ടിനുള്ളിലെ കാര്‍ട്ടിലേജും, അസ്ഥിയും നഷ്ടപ്പെട്ടത്. മുട്ടിലുണ്ടായ ഗുരുതര മുറിവിലൂടെ അഞ്ച് സെന്റിമീറ്റര്‍ വലുപ്പത്തില്‍ കാര്‍ട്ടിലേജും അസ്ഥിയും അടര്‍ന്ന് റോഡില്‍ നഷ്ടപ്പെടുകയായിരുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കാല്‍മുട്ടിലെ പ്രാഥമിക ശസ്ത്രക്രിയക്ക് ശേഷം ഇടുപ്പിലെ ഗുരുതരമായ അസിറ്റാബുലര്‍ ഫ്രാക്ചറിന്റെ ചികിത്സക്കായി മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് തുടയെല്ലിന്റെ താഴെയായി മുട്ടിനുള്ളില്‍ ഭാരം താങ്ങുന്ന ഭാഗത്ത് അസ്ഥിയും തരുണാസ്ഥിയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
മംഗലാപുരത്തുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് മുട്ടിനു മുകളില്‍ വച്ചു കാല്‍ മുറിച്ചുമാറ്റേണ്ടി വന്ന യുവാവിന്റെ ബന്ധുക്കള്‍ അസ്ഥി ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചു. ഉടന്‍ തന്നെ മംഗലാപുരം കെ.എസ്.ഹെഗ്‌ഡെ മെഡിക്കല്‍ കോളജില്‍ ഡോ.വിക്രം ഷെട്ടിയുടെ നേതൃത്വത്തില്‍ കാല്‍മുട്ടിന്റെ ഭാഗം അവയവദാനത്തിനായി നീക്കം ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്ന് മൈനസ് 80 ഡിഗ്രി താപനിലയില്‍ പ്രത്യേകം ശീതീകരിച്ച പെട്ടിയില്‍ ട്രെയിന്‍ മാര്‍ഗമാണ് കോട്ടയത്ത് അവയവം എത്തിച്ചത്.
പുലര്‍ച്ചെ അഞ്ചു മണിയോടെ ആശുപത്രിയില്‍ അവയവം എത്തിച്ച ഉടന്‍ ഡോ.രാജീവ് പി.ബി യുടെ നേതൃത്വത്തില്‍ ശാസ്ത്രക്രിയ നടത്തി. അനസ്‌ത്യേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.സേവ്യര്‍ ജോണ്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോ.അഭിരാം കൃഷ്ണന്‍, ഡോ.ശരത് എസ്.സി എന്നിവരും ശസ്ത്രക്രിയ ടീമിന്റെ ഭാഗമായി. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറഞ്ഞ യുവാവ് മുട്ട് മടക്കാന്‍ തുടങ്ങുകയും ഏതാനും ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്നു സുഖം പ്രാപിച്ചു മടങ്ങുകയും ചെയ്തു.
ഏതാനും മാസങ്ങള്‍ക്കകം യുവാവിന് കാലില്‍ ഭാരം താങ്ങി സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എയര്‍കോമഡോര്‍ ഡോ.പോളിന്‍ ബാബു, ഓര്‍ത്തോപീഡിക്ല് വിഭാഗം മേധാവി ഡോ.മാത്യു എബ്രഹാം, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.രാജീവ് പി.ബി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.