ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നും 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയാണ് അറസ്റ്റ്

വിജിലൻസ് അഴിമതിക്കേസിൽ വനംവകുപ്പ് പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തതു. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നും 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയാണ് അറസ്റ്റ്. വനംവകുപ്പിലെ സ്ഥലം മാറ്റത്തിനായി ലേലം വിളി ഗൂഢാലോചനയിൽ സംശയ നിഴലിൽ നിൽക്കുന്ന ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്.
പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറായിരിക്കെ ഇരുതല മൂരി കടത്തിയ കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികളെയാണ് സുധീഷ് കുമാർ പിടികൂടിയത്. കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതികളുടെ ബന്ധുക്കളിൽ നിന്നാണ് പണം വാങ്ങിയത്. ഇതിൽ ഒരു വിഹിതമായ 45000 രൂപ ഗൂഗിള്‍ പേ വഴിയാണ് വാങ്ങിയത്. പണം വാങ്ങിയെങ്കിലും പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളുടെ ബന്ധുക്കള്‍ പിന്നീട് വിജിലൻസിന് പരാതി നൽകി. ഇതിൽ സുധീഷിനെ പ്രതിയാക്കി കേസെടുത്തു.
ഈ കേസിൽ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് സുധീഷിനെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിററ് – 1 ഇൻസ്പെക്ടർ സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വാഹനത്തിലാണ് സുധീഷ് മൊഴി നൽകാനെത്തിയത്. വനംവകുപ്പിലെ സ്ഥലമാറ്റം ചുറ്റിപ്പറ്റിയുടെ ലേലം വിളിയിൽ ഇൻ്റലിജൻസ് നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥനായിരുന്നു സുധീഷ് കുമാർ. ഇതിനിടെയാണ് വിജിലൻസിൻെറ നീക്കം.