ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2004-14 കാലഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍ സിങ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ (1982 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടര്‍(1985), ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍(1985- 87), നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രി(1991-96), രാജ്യസഭാ പ്രതിപക്ഷ നേതാവ് (1998- 2004), യു.ജി.സി അധ്യക്ഷന്‍ എന്നീ നിലകളില്‍ ശോഭിച്ചു. 1987ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു .
അവിഭക്ത പഞ്ചാബിലെ ചാക്വാള്‍ ജില്ലയിലുള്ള ഗാഹില്‍ (പാകിസ്താന്‍) 1932 സെപ്റ്റംബര്‍ 26 നാണ് മന്‍മോഹന്റെ ജനനം. പിതാവ് ഗുര്‍മുഖ് സിങ്, മാതാവ് അമൃത് കൗര്‍. 1972 ല്‍ ധനവകുപ്പില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അദ്ദേഹം, 1976 ല്‍ ധനമന്ത്രാലയം സെക്രട്ടറിയായി. 1980-82 കാലയളവില്‍ ആസൂത്രണ കമ്മിഷന്‍ അംഗമായിരുന്നു. 1982ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി. 1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിങ്ങിനെ ധനമന്ത്രിയാക്കിയത്. മന്‍മോഹന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തകര്‍ച്ചയിലേക്കു പോകുകയായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി. 2004 ലെ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബി.ജെ.പിക്ക് അധികാരം നഷ്ടമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തെത്തി. 2009 ല്‍ പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം.
സാമ്പത്തിക നയങ്ങള്‍ക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷികവായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, യൂണിക്ക് െഎഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു. ആഡംസ്മിത്ത് പുരസ്‌കാരം (കേംബ്രിജ് സര്‍വകലാശാല), ലോകമാന്യ തിലക് പുരസ്‌കാരം, ജവാഹര്‍ലാല്‍ നെഹ്‌റു ജന്മശതാബ്ദി പുരസ്‌കാരം എന്നിവയടക്കമുള്ള അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഗുര്‍ശരണ്‍ കൗര്‍. മക്കള്‍: ഉപിന്ദര്‍ സിങ്, ദമന്‍ സിങ്, അമൃത് സിങ്.