![government, country](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/762491/public-servant.gif?w=640&ssl=1)
തിരുവനന്തപുരം: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ദിവസം കുറഞ്ഞ സമയം ജോലി ചെയ്യുന്നത് കേരളത്തിലുള്ളവരെന്ന് പഠന റിപ്പോര്‍ട്ട്. കേരളത്തിലെ നഗരങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ദിവസം ശരാശരി ആറു മണിക്കൂറാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ 36 മണിക്കൂര്‍. പ്രവൃത്തി സമയത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം 34 ആണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി നിര്‍ദ്ദേശിച്ച ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിയും എല്‍ ആന്‍ഡ് ടി സിഇഒ എസ് എന്‍ സുബ്രഹ്‌മണ്യന്‍ നിര്‍ദ്ദേശിച്ച ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലിയും ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പഠനറിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗര കേന്ദ്രീകൃതമായി ജോലി ചെയ്യുന്ന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ ജീവനക്കാര്‍ എന്നിവരെ അടിസ്ഥാനമാക്കിയാണ് പഠനം. കൂടുതല്‍ സമയം ജോലി ചെയ്യുന്നത് കേന്ദ്രഭരണ പ്രദേശമായ ദാമന്‍, ദിയുവിലെ ജീവനക്കാരാണ്. പ്രതിദിനം ശരാശരി 8 മണിക്കൂറും 48 മിനിറ്റും ജോലി ചെയ്താണ് ഇവര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. ഗ്രാമീണ മേഖലയില്‍ ദാദ്ര, നാഗര്‍ഹവേലിയാണ് ഒന്നാമത്.