• Thu. Jan 16th, 2025

24×7 Live News

Apdin News

Government retreats amid controversy; The Forest Act Amendment was dropped | വിവാദത്തീയില്‍ സര്‍ക്കാര്‍ പിന്നോട്ട് ; വനനിയമ ഭേദഗതി ഉപേക്ഷിച്ചു

Byadmin

Jan 16, 2025


uploads/news/2025/01/758518/pinarayi-360-600.gif

തിരുവനന്തപുരം: വിവാദ വനനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്. നിയമം ജനവികാരത്തിന് എതിരാകില്ലെന്ന് ഉറപ്പുനല്‍കിയിട്ടും മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് നിയമ ഭേദഗതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്നു തീരുമാനിച്ചതെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

1961ലെ കേരളാ വനനിയമത്തില്‍ ഇപ്പോള്‍ പറയുന്ന ഭേദഗതി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആരംഭിച്ചത് 2013 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. 2013 മാര്‍ച്ചില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തയാറാക്കിയ കരട് ബില്ലിലായിരുന്നു തുടക്കം. ആ ഭേദഗതി അതേപോലെ മാറ്റം വരുത്താതെ കൊണ്ടുവരാന്‍ ശ്രമിച്ചതാണ് ആശങ്കകള്‍ക്കു കാരണമായത്.

ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. കര്‍ഷകര്‍ക്കും മലയോര മേഖലയില്‍ വസിക്കുന്ന ജനവിഭാഗങ്ങളുടെയും ന്യായമായ താല്‍പ്പര്യത്തിനെതിരെ ഒരു നിയമവും ഇൗ സര്‍ക്കാരിന്റെ ലക്ഷ്യമല്ല. ഏതു നിയമവും മനുഷ്യര്‍ക്കു വേണ്ടിയാവണം എന്ന നിലപാടാണ് സര്‍ക്കാരിന്റേത്. മനുഷ്യരുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകള്‍ സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണം എന്നതില്‍ തര്‍ക്കമില്ല. വനസംരക്ഷണ നിയമത്തിന്റെ കാര്യത്തിലും അതുതന്നെയാണ് നിലപാട്.

നമ്മുടെ വനവിസ്തൃതിയും ജനസാന്ദ്രതയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു വലുതാണ്. ഇതൊക്കെ കണക്കിലെടുക്കുന്നതാകണം വനനിയമങ്ങള്‍. എക്കാലത്തും ആ നിലപാടാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍നിന്നു ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. അതേസമയം നീതിരഹിതമായ രീതിയില്‍ വനവും വനവിഭവങ്ങളും ചൂഷണം ചെയ്യപ്പെടരുത്. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്. ഇൗ സമീപനമാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.

നിലവില്‍ വനനിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയില്‍ ആക്കുന്നതോ ആയ ഒരു നിയമ ഭേദഗതിയും ഇൗ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, കേന്ദ്ര നിയമത്തില്‍ മാറ്റം വരാത്ത പശ്ചാത്തലത്തില്‍ വന്യജീവി ആക്രമണങ്ങള്‍ തുടരുകയുമാണ്. വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നതു വളരെ ദുഃഖകരമായ കാര്യമാണ്. ഇതിനെ എങ്ങനെ ശാശ്വതമായി ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

1972ലെ കേന്ദ്ര വനനിയമവും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ആക്രമണകാരികളായ വന്യമൃഗങ്ങളെ നേരിടുന്നതിനു തടസമാകുകയാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമമായതുകൊണ്ട് അതില്‍ ഭേദഗതിവരുത്താനും കേന്ദ്രത്തിനു മാത്രമേ കഴിയൂ. ഇക്കാര്യം പലതവണ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവരില്‍ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല.

പലതരം കടുത്ത നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവു പുറപ്പെടുവിക്കാന്‍ പോലും കാലതാമസം നേരിടുന്നതും പൊതുജനങ്ങളുടെ പരാതിക്കു കാരണമാകുന്നതും. കേന്ദ്രനിയമത്തിന്റെ പട്ടിക രണ്ടില്‍ പറഞ്ഞിട്ടുള്ള കാട്ടുപന്നിയെ പോലും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് അവയെ ഏതുവിധേനയും കൊല്ലുന്നതിനു നിരവധി തവണ സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് അനുമതി നിഷേധിച്ചിരിക്കുകയാണ്.

ഇൗ സാഹചര്യങ്ങള്‍ നിലവിലുള്ളതുകൊണ്ടാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ കര്‍ശന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും കേരള നിയമസഭ പ്രമേയം വഴി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഇൗ പ്രശ്‌നത്തില്‍ സംസ്ഥാനത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി നടപടികള്‍ സ്വീകരിക്കണം. അതിനായി മുന്‍കൈ എടുക്കാന്‍ സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



By admin