
തിരുവനന്തപുരം: സമരം ചെയ്യുന്ന അംഗന്‍വാടി ജീവനക്കാര്‍ക്കെതിരായ സര്‍ക്കാരിന്റെ കടുത്ത നടപടികളില്‍ ഇടതുപക്ഷത്തും പ്രതിഷേധം ശക്തം. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നവരോട് കൂടുതല്‍ മൃദു സമീപനം കാട്ടണമെന്നതാണ് സി.പി.ഐ. നിലപാട്. എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് നീളുന്ന സമരങ്ങളോട് മുഖം തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം.
അതിനിടെ ആശാ വര്‍ക്കര്‍മാരുമായി ചര്‍ച്ച വേണമെന്ന ആവശ്യം സി.പി.എമ്മില്‍ സജീവമാകുന്നുണ്ട്. എസ്.യു.സി.ഐയെ ഒഴിവാക്കി സി.ഐ.ടി.യുവും ഐ.എന്‍.ടി.സിയും അടക്കമുള്ള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും. ആശാ സമരം ശക്തമാകുന്നതിനിടെയാണ് അംഗന്‍വാടിക്കാരും സമരത്തിന് എത്തിയത്. സമരം ചെയ്യുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് ചൂണ്ടിക്കാട്ടി വനിതാ ശിശുവികസന ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ മറ്റു നടപടികളും സ്വീകരിക്കും.
ഒരു വിഭാഗം അംഗന്‍വാടി ജീവനക്കാര്‍ 17 മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തിവരികയാണ്. 6 മാസം മുതല്‍ 6 വയസു വരെയുള്ള കുട്ടികള്‍ക്കുള്ള പോഷകാഹാരത്തിന്റെ വിതരണം തടസപ്പെടാതിരിക്കാന്‍ അംഗന്‍വാടികള്‍ അടച്ചിടരുതെന്ന നിര്‍ദേശം നല്‍കണമെന്നു ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്നത് ഭരണഘടനയുടെ 45-ാം വകുപ്പിന്റെ ലംഘനമാണെന്ന് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. പ്രീസ്‌കൂള്‍ പഠനം നിലയ്ക്കുന്ന രീതിയില്‍ സമരം ചെയ്താല്‍ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ദീര്‍ഘകാലയളവില്‍ സമരംചെയ്യുകയാണെങ്കില്‍ ശിശു വികസന പദ്ധതി ഓഫിസര്‍മാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.വേതനവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അംഗന്‍വാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്.
ഇന്ത്യന്‍ നാഷനല്‍ അംഗന്‍വാടി എംപ്‌ളോയീസ് ഫെഡറേഷന്റെ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് അംഗന്‍വാടികളുടെ പ്രവര്‍ത്തനം പലയിടത്തും തടസപ്പെട്ടിരുന്നു. അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവ ബത്ത 5,000 രൂപയാക്കുക, ഇ.എസ്.ഐ. ആനുകൂല്യം നടപ്പാക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപകല്‍ സമരം.