
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള കേരള ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ഗവര്‍ണര്‍ പാലമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനമന്ത്രിയുമായുള്ള ബ്രേക്ഫാസ്റ്റ് മീറ്റിങ്ങിലേക്ക് ഗവര്‍ണറെ താനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയണമെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഈ മാസം 10 ന് ഡല്‍ഹിയിലെ കേരള ഹൗസിലായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ കൂടി ചുമതലയുള്ള ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ അനൗദ്യോഗികം എന്ന് പറയാന്‍ ആവില്ല. എന്താണ് ചര്‍ച്ച ചെയ്തതെന്ന് കേരളത്തിലെ ജനങ്ങളോട് തുറന്നുപറയണമെന്ന് ആയിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.
ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കാനിടയായ സാഹചര്യം വിശദീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയും മറുപടി നല്‍കിയത്. പാര്‍ട്ടി യോഗത്തിന് ഡല്‍ഹിക്ക് തിരിച്ച താനും ഗവര്‍ണറും ഒരേ വിമാനത്തിലാണ് പോയത്. എംപിമാര്‍ക്ക് ഗവര്‍ണര്‍ ഒരുക്കിയ വിരുന്നില്‍ തന്നെയും ക്ഷണിച്ചു. അപ്പോള്‍ ധനമന്ത്രിയുടെ ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗിലേക്ക് ഗവര്‍ണറെ താനും ക്ഷണിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.