
കൊച്ചി: വഖഫ് ഭൂമിയുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വഖഫ് ബോര്‍ഡ് ആണെന്നു പ്രസ്താവിച്ചുകൊണ്ട് മുനമ്പം കമ്മീഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഇതോടെ സര്‍ക്കാര്‍ നിയോഗിച്ച റിട്ട ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ അസാധുവായി. കമ്മീഷന്‍ നിയമനത്തില്‍ പൊതു താല്‍പ്പര്യം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിധി എതിരായതോടെ സര്‍ക്കാര്‍ അപ്പീലിന് പോയേക്കാന്‍ സാധ്യതയുണ്ട്.
ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പറഞ്ഞത്. ഹര്‍ജി ഫയല്‍ ചെയ്യാന്‍ വഖഫ് സരക്ഷണ വേദിക്കും ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിനും അധികാരമുണ്ടെന്നും പറഞ്ഞു. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചതിനെതിരേ വഖഫ് സംരക്ഷണവേദി കോടതിയില്‍ എത്തുകയായിരുന്നു.
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം നിയമപരമല്ലെന്ന് പ്രഖ്യാപിക്കണം എന്നാണ് ഹര്‍ജിക്കാരായ വഖഫ് സംരക്ഷണവേദി ആവശ്യപ്പെട്ടിരുന്നത്. സിവില്‍ കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായി, വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ കണ്ടെത്തിയതാണെന്നും ഹര്‍ജിയില്‍ വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.
ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് സാധാരണ ജുഡീഷ്യല്‍ കമ്മീഷന്റെ അധികാരങ്ങളില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്‌നങ്ങളിലോ തര്‍ക്കങ്ങളിലോ വിധി പറയാന്‍ അധികാരമില്ല. സര്‍ക്കാരിന് നടപടിയെടുക്കാന്‍ ആവശ്യമായ വസ്തുതകള്‍ നല്‍കുക എന്നതുമാത്രമാണ് കമ്മീഷന്‍ നിയമനം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.