
കൊച്ചി: ഭര്‍ത്താവിന് നിശ്ചിത പ്രായപരിധി കഴിഞ്ഞുവെന്നതിന്റെ പേരില്‍ ഭാര്യക്ക് കൃത്രിമ ഗര്‍ധാരണ ചികിത്സ നിഷേധിക്കാനവില്ലെന്ന് ഹൈക്കോടതി. ഇത് വിവേചനമാണെന്ന് കോടതി വിലയിരുത്തി. ദമ്പതികളെ ഒന്നിച്ച് പരിഗണിച്ച് പ്രായം വിലയിരുത്തേണ്ടതില്ലെന്നും ദമ്പതികളില്‍ ഒരാളുടെ പ്രായപരിധിയുടെ പേരില്‍ പങ്കാളിക്ക് അവസരം നിഷേധിക്കുന്നത് വിവേചനമാണെന്നും ജസ്റ്റിസ് സി എസ് ഡയസ് വ്യക്തമാക്കി.
മലപ്പുറം സ്വദേശിയായ 46കാരിക്ക് ദാതാവിന്റെ ബീജകോശങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭധാരണ ചികിത്സ തുടരാന്‍ കോടതി ഉത്തരവിട്ടു. സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെതിരെ യുവതി നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുകയായിരുന്നു കോടതി. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്ട് പ്രകാരം കൃത്രിമ ഗര്‍ഭധാരണ ചികിത്സയുടെ നിയമാനുസൃത പ്രായപരിധി പുരുഷന് 55-ഉം സ്ത്രീക്ക് 50-ഉം ആണ്.
ഭര്‍ത്താവിന് 57 വയസ്സുണ്ടെന്ന കാരണത്താലാണ് ഹര്‍ജിക്കാരിക്ക് ചികിത്സ നിഷേധിച്ചത്. എന്നാല്‍ നിയമവ്യവസ്ഥയില്‍ പറയുന്ന പ്രായ നിയന്ത്രണം വ്യക്തിയധിഷ്ഠിതമാണെന്ന് കോടതി വ്യക്തമാക്കി. വിവാഹബന്ധം നിലവിലില്ലാത്തയാള്‍ക്കും ചികിത്സ തേടാം. നിശ്ചിത പ്രായപരിധിയിക്ക് താഴെയുള്ള ഹര്‍ജിക്കാരിക്ക് ചികിത്സ നിഷേധിച്ചത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. കുട്ടികളില്ലാത്തവര്‍ക്ക് മാത്രമേ അത്തരക്കാര്‍ കടന്നുപോകുന്ന വേദനയുടെ തീവ്രത മനസ്സിലാകുവെന്നും കോടതി ചൂണ്ടിക്കാട്ടി.