വിജിലന്‍സിനെ നിയന്ത്രിക്കുന്ന, മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഏബ്രഹാമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖയും എത്രയും വേഗം സി.ബി.ഐക്കു വിജിലന്‍സ് കൈമാറണമെന്നു കോടതി ഉത്തരവിട്ടു.

കൊച്ചി: മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയുമായ കെ.എം. ഏബ്രഹാമിനെതിരായ അഴിമതി ആരോപണക്കേസില്‍ വിജിലന്‍സിനെതിരേ ഗുരുതരപരാമര്‍ശവുമായി ഹൈക്കോടതി. അനധികൃതസ്വത്ത് കേസില്‍ ഏബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചെന്നു കോടതി നിരീക്ഷിച്ചു. ഏബ്രഹാമിനെതിരേ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങളുണ്ടെന്നും ഏബ്രഹാം വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനു പ്രഥമദൃഷ്ട്യാതെളിവുണ്ടെന്നും കോടതി പറഞ്ഞു. സത്യസന്ധമായ അന്വേഷണത്തിനു സി.ബി.ഐ. അനിവാര്യമാണ്. വിജിലന്‍സിനെ നിയന്ത്രിക്കുന്ന, മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഏബ്രഹാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏബ്രഹാം വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സി.ബി.ഐ. കൊച്ചി യൂണിറ്റാകും അന്വേഷണം നടത്തുക. പരാതി, പരാതിക്കാരന്റെ മൊഴി, വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്, മറ്റ് സുപ്രധാനരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐ. കൊച്ചി യൂണിറ്റ് സൂപ്രണ്ടിനു ജസ്റ്റിസ് കെ. ബാബു നിര്‍ദേശം നല്‍കി.
വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയതിനാല്‍ മറ്റൊരു പ്രാഥമികാന്വേഷണത്തിന്റെ ആവശ്യമില്ല. ഏബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലന്‍സ് അന്വേഷണമെന്നു സംശയിക്കാം. അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖയും എത്രയും വേഗം സി.ബി.ഐക്കു വിജിലന്‍സ് കൈമാറണമെന്നു കോടതി ഉത്തരവിട്ടു.
ഔദ്യോഗികപദവി ദുരുപയോഗിച്ച് ഏബ്രഹാം കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നാണു പരാതി. 2015-ല്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കേ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും പരാതിയുണ്ട്. ശമ്പളത്തേക്കാള്‍ കൂടിയതുക എല്ലാമാസവും വായ്പയടയ്ക്കുന്നത് എങ്ങനെയെന്നു വരുമാനരേഖകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ ഏബ്രഹാമിനു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി.
കൊല്ലം കടപ്പാക്കടയിലുള്ള, എട്ടുകോടി രൂപ വിലവരുന്ന മൂന്നുനില വാണിജ്യസമുച്ചയം സഹോദരന്റെ പേരിലായതിനാലാണ് സ്വത്തുവിവരത്തില്‍ ഉള്‍പ്പെടുത്താത്തതെന്നു വിജിലന്‍സിന് ഏബ്രഹാം മൊഴി നല്‍കിയിരുന്നു. എന്നാല്‍, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഏബ്രഹാമിന്റെ പേരിലാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊല്ലം കോര്‍പറേഷനില്‍നിന്നു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.