• Tue. Nov 5th, 2024

24×7 Live News

Apdin News

Higher Secondary Public Examination this afternoon | ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ ഇത്തവണ ഉച്ചകഴിഞ്ഞ്‌; 10നു പകരം ഇത്തവണ 18 ദിവസം പരീക്ഷ, വിദ്യാര്‍ഥികളെയും അധ്യാപകരെയും വലയ്‌ക്കുമെന്ന്‌ വാദം

Byadmin

Nov 3, 2024


മുമ്പ്‌ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ നടത്തിയപ്പോള്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷ ഉച്ചയ്‌ക്കായിരുന്നു. എന്നാല്‍ മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചകഴിഞ്ഞ്‌ പരീക്ഷ എഴുതേണ്ടി വരുന്നത്‌ കുട്ടികള്‍ക്ക്‌ വലിയ മാനസികസമ്മര്‍ദമാകുമെന്ന കാരണം പറഞ്ഞ്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷയും രാവിലെ ആക്കിയിരുന്നു.

kerala

ആലപ്പുഴ: ഇത്തവണത്തെ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ കുട്ടികളെ വലയ്‌ക്കുമെന്ന പരാതി വ്യാപകം. കഴിഞ്ഞ വര്‍ഷം വരെ രാവിലെ നടന്നുകൊണ്ടിരുന്ന ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷകള്‍ ഇത്തവണ ഉച്ചയ്‌ക്ക് ശേഷം നടത്താനുള്ള തീരുമാനമാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ സ്വീകരിച്ചിരിക്കുന്നത്‌. അതിനനുസരിച്ചുള്ള ടൈംടേബിളും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

മുമ്പ്‌ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ നടത്തിയപ്പോള്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷ ഉച്ചയ്‌ക്കായിരുന്നു. എന്നാല്‍ മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചകഴിഞ്ഞ്‌ പരീക്ഷ എഴുതേണ്ടി വരുന്നത്‌ കുട്ടികള്‍ക്ക്‌ വലിയ മാനസികസമ്മര്‍ദമാകുമെന്ന കാരണം പറഞ്ഞ്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷയും രാവിലെ ആക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വരെ 10 ദിവസം കൊണ്ട്‌ നടന്നിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇത്തവണ 18 ദിവസം കൊണ്ടാണ്‌ പൂര്‍ത്തിയാകുക. മൂന്ന്‌ ശനിയാഴ്‌ചകളിലും പരീക്ഷയുണ്ട്‌. തിങ്കള്‍ മുതല്‍ ശനി വരെ ആഴ്‌ചയില്‍ ആറു ദിവസവും പരീക്ഷയുണ്ടെന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്‌.

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷയും രണ്ടാം വര്‍ഷം പഠിക്കുന്ന കുട്ടികള്‍ക്കുള്ള ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയും സപ്ലിമെന്ററി പരീക്ഷയും ഒരുമിച്ച്‌ ഒരേ ദിവസം ഉച്ചകഴിഞ്ഞ്‌ തന്നെയാണ്‌ നടക്കുക. ഈ പരീക്ഷകള്‍ക്കെല്ലാം ഒറ്റ ചോദ്യപേപ്പര്‍ തന്നെയായിരിക്കാനാണ്‌ സാധ്യതയെന്ന്‌ അധ്യാപകള്‍ പറയുന്നു. മൂന്നു വിഭാഗത്തിലും പെടുന്ന കുട്ടികളെ ഒരുമിച്ച്‌ പരീക്ഷയെഴുതിക്കാനുള്ള സൗകര്യം ഒട്ടുമിക്ക സ്‌കൂളുകളിലുമില്ല.
ഒന്നാം വര്‍ഷ ഇംഗ്ലീഷ്‌ പരീക്ഷ എഴുതുന്ന കുട്ടിയോടൊപ്പം തന്നെ ഇരുത്തി രണ്ടാം വര്‍ഷ കുട്ടികള്‍ക്കുള്ള ഒന്നാം വര്‍ഷ ഇംഗ്ലീഷ്‌ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയും നടത്തേണ്ടിവരും. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഇംപ്രൂവ്‌ ചെയ്യുന്ന വിഷയവുമാണ്‌ ഇംഗ്ലീഷ്‌. ഇങ്ങനെ വരുമ്പോള്‍ രണ്ടാം വര്‍ഷം പഠിക്കുന്ന കുട്ടികളില്‍ പകുതിയിലേറെയും ഒന്നാം വര്‍ഷ ഇംഗ്ലീഷ്‌ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ എഴുതും. അതോടൊപ്പം ഒന്നാംവര്‍ഷ കുട്ടികളും കൂടിയാകുമ്പോള്‍ പരീക്ഷ നടത്താന്‍ ആവശ്യത്തിന്‌ മുറികളും അധ്യാപകരും തികയാതെ വരും.

ഒരേ ചോദ്യപേപ്പര്‍ തന്നെയാണെങ്കിലും ഒന്നാംവര്‍ഷ പരീക്ഷയുടെയും ഇമ്പ്രൂവ്‌മെന്റ്‌ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഉത്തര കടലാസുകള്‍ വെവ്വേറെ പാക്കറ്റുകളിലാക്കി അയക്കേണ്ടതുണ്ട്‌. ഉച്ചകഴിഞ്ഞ്‌ നടക്കുന്ന പരീക്ഷയുമായി ബന്ധപ്പെട്ട ഇത്തരം നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോഴേക്കും രാത്രിയാകും.

പല സ്‌കൂളുകളിലും ഭൗതിക സാഹചര്യങ്ങള്‍ പരിമിതമായതുകൊണ്ട്‌ തന്നെ സമയബന്ധിതമായി ഉത്തരക്കടലാസുകള്‍ പായ്‌ക്ക് ചെയ്‌ത് അയക്കാന്‍ കഴിയാത്തതും വെല്ലുവിളിയാകും. പാക്കിങ്ങുമായി ബന്ധപ്പെട്ട വീഴ്‌ചകള്‍ സംഭവിക്കാനും ഇത്‌ കാരണമാകുമെന്ന്‌ അധ്യാപകര്‍ക്ക്‌ ആശങ്കയുണ്ട്‌. ഉച്ചകഴിഞ്ഞ്‌ പരീക്ഷ നടക്കുന്നതു കൊണ്ട്‌ തന്നെ അതത്‌ ദിവസം ഉത്തര കടലാസുകള്‍ പോസ്‌റ്റ് ചെയ്യാനും കഴിയുകയില്ല. ഒരേ ദിവസം ഒട്ടേറെ വിഷയങ്ങളില്‍ പരീക്ഷ നടക്കുന്ന ഹയര്‍സെക്കന്‍ഡറിയുടെ പരീക്ഷ ഉച്ചയ്‌ക്കുശേഷം നടത്താനുള്ള തീരുമാനം തികച്ചും അശാസ്‌ത്രീയമാണെന്ന്‌ എ.എച്ച്‌.എസ്‌.ടി.എ ജനറല്‍ സെക്രട്ടറി എസ്‌.മനോജ്‌ ആരോപിച്ചു. ഒരു വിഷയത്തില്‍ മാത്രം പരീക്ഷ നടക്കുന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ അവസ്‌ഥയല്ല ഹയര്‍സെക്കന്‍ഡറിക്കുള്ളതെന്ന്‌ മനസിലാക്കി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ നടത്താനുള്ള ക്രമീകരണം നടത്തണമെന്നാണ്‌ അധ്യാപകരും വിദ്യാര്‍ഥികളും ആവശ്യപ്പെടുന്നത്‌.



By admin