സമാധിയാകാന്‍ സമയമായെന്നു പറഞ്ഞശേഷം അതിനായി സജ്‌ജീകരിച്ച സ്‌ഥലത്തേക്കു പോയി. പീഠത്തില്‍ പത്മാസനത്തിലിരുന്നു. തന്നെ അനുഗ്രഹിച്ചശേഷം പ്രാണായാമവും കുംഭകവും ചെയ്‌ത് അച്‌ഛന്‍ ബ്രഹ്‌മത്തില്‍ ലയിച്ചെന്നാണ് മകന്റെ ഭാഷ്യം.
തിരുവനന്തപുരം: അച്‌ഛന്റെ മരണവിവരം ആരെയുമറിയിക്കാതെ, മൃതദേഹം സംസ്‌കരിച്ച് മക്കള്‍ സമാധിമണ്ഡപം കെട്ടി! ആറാലുംമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി(81)യുടെ മരണം വിവാദമായതോടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുക്കാന്‍ പോലീസ് ജില്ലാ കലക്‌ടറുടെ അനുമതി തേടി. മരണകാരണം കണ്ടെത്താന്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തും. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പോലീസ് നേരത്തേ കേസെടുത്തിരുന്നു.
തിരുവനന്തപുരം, ബാലരാമപുരത്തിനടുത്താണു വിചിത്രമായ സംഭവം. മക്കളായ സനന്ദനും രാജസേനനും ചേര്‍ന്നാണ് വീടിനടുത്ത് അച്‌ഛന്റെ സംസ്‌കാരം നടത്തി സമാധിമണ്ഡപം സ്‌ഥാപിച്ചത്. തുടര്‍ന്ന്, ‘ഗോപന്‍ സ്വാമി സമാധിയായി’ എന്ന പോസ്‌റ്റര്‍ പതിച്ചപ്പോള്‍ മാത്രമാണു ബന്ധുക്കളും നാട്ടുകാരും വിവരമറിഞ്ഞത്. അച്‌ഛന്‍ ‘ജീവല്‍സമാധി’യായെന്നും അതിനാലാണ് ആരെയും കാണിക്കാതെ സംസ്‌കാരം നടത്തിയതെന്നും മകന്‍ രാജസേനന്‍ പറഞ്ഞു. സമാധിയാകുമെന്നു മൂന്നുദിവസം മുമ്പ് അച്‌ഛന്‍ അമ്മയോടു പറഞ്ഞിരുന്നു. തമാശയാണെന്നു കരുതി അമ്മയത് ആരോടും പറഞ്ഞില്ല. കഴിഞ്ഞ ഒന്‍പതിനു പൂജയും നിവേദ്യവുമെല്ലാം കഴിഞ്ഞ്, ”മക്കളേ സമാധിയാകാന്‍ സമയമായി” എന്ന് അച്‌ഛന്‍ പറഞ്ഞതായും രാജസേനന്‍ അവകാശപ്പെട്ടു.
മൃതദേഹം പീഠത്തിലിരുത്തി സ്ലാബിട്ട് മൂടി സമാധിമണ്ഡപം നിര്‍മിച്ചതില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നു. സമാധിയിരിക്കാനുള്ള പത്മപീഠക്കല്ലും ദളക്കല്ലും അഞ്ചുവര്‍ഷം മുമ്പേ ഗോപന്‍ സ്വാമി മയിലാടിയില്‍നിന്നു വരുത്തിയിരുന്നതായാണു മകന്‍ രാജസേനന്റെ വാദം. സമാധിയാകാന്‍ സമയമായെന്നു പറഞ്ഞശേഷം അതിനായി സജ്‌ജീകരിച്ച സ്‌ഥലത്തേക്കു പോയി. പീഠത്തില്‍ പത്മാസനത്തിലിരുന്നു. തന്നെ അനുഗ്രഹിച്ചശേഷം പ്രാണായാമവും കുംഭകവും ചെയ്‌ത് അച്‌ഛന്‍ ബ്രഹ്‌മത്തില്‍ ലയിച്ചെന്നാണ് മകന്റെ ഭാഷ്യം.
കഴിഞ്ഞ ഒന്‍പതിനു രാവിലെ 11.30-നായിരുന്നു സമാധിയെന്നും സഹോദരന്‍ ആ സമയത്ത് ജോലിസ്‌ഥലത്തായിരുന്നെന്നും രാജസേനന്‍ പറഞ്ഞു. വിവരമറിയിച്ചപ്പോള്‍ പൂജാസാധനങ്ങളുമായാണ് സഹോദരന്‍ എത്തിയത്. ഭസ്‌മം, ചന്ദനം, കര്‍പ്പൂരം തുടങ്ങിയ സുഗന്ധദ്രവ്യങ്ങളിട്ട്, ഹൃദയത്തിനു മുകളിലേക്ക് മണ്ണ് മൂടാത്ത തരത്തിലാണ് അച്‌ഛനെ സമാധിയിരുത്തിയത്.
സമാധിച്ചടങ്ങുകള്‍ ആരെയും കാണിക്കാന്‍ പാടില്ല. അച്‌ഛനാണ് ഈ ക്ഷേത്രത്തിന്റെ യോഗീശ്വരന്‍. ഇനി ഈ ക്ഷേത്രത്തിനു വളര്‍ച്ചയുണ്ടാകും. അതിന്റെ പങ്കുപറ്റാനാണ് ട്രസ്‌റ്റുകാര്‍ പ്രശ്‌നമുണ്ടാക്കുന്നത്. പുലര്‍ച്ചെ മൂന്നിനാണു ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. രാവിലെ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. അപ്പോഴേക്കു നാട്ടുകാരെത്തി മോശമായി സംസാരിച്ചെന്നും രാജസേനന്‍ പറഞ്ഞു. ക്ഷേത്രത്തില്‍ ദുര്‍മന്ത്രവാദം നടക്കാറുണ്ടെന്നും ഗോപന്‍ സ്വാമി കിടപ്പുരോഗിയായിരുന്നെന്നും അയല്‍വാസികള്‍ ആരോപിക്കുന്നു.