ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ആഭ്യന്തര മന്ത്രാലയം ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാ’ണ് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്തത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി.
പരാതികള്‍ പരിശോധിച്ച ശേഷം സംശയാസ്പദമായി കണ്ടെത്തിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. കംബോഡിയ, മ്യാന്‍മര്‍, ലാവോസ്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവയാണ് ഭൂരിഭാഗം അക്കൗണ്ടുകളും. ഇന്ത്യക്കാരെ കുടുക്കുന്നതില്‍ ഇൗ അക്കൗണ്ടുകള്‍ സജീവമായി പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ അറസ്റ്റില്‍ തട്ടിപ്പുകാര്‍ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി ജനങ്ങളെ കബളിപ്പിക്കുകയും വലിയ തുകകള്‍ കൈമാറാന്‍ അവരെ സമ്മര്‍ദത്തിലാക്കുകയുമാണ് ചെയ്യുന്നത്. സി.ബി.ഐ ഏജന്റുമാരോ, ആദായ നികുതി ഉദ്യോഗസ്ഥരോ, കസ്റ്റംസ് ഏജന്റുമാരോ ചമഞ്ഞാണ് തട്ടിപ്പുകാര്‍ പ്രത്യക്ഷപ്പെടുക.
അതിനിടെ, ഗുജറാത്തില്‍ വ്യാജ മയക്കുമരുന്നു കേസിന്റെ പേരില്‍ ബില്‍ഡറില്‍നിന്ന് സൈബര്‍ തട്ടിപ്പ് സംഘം ഒരു കോടി രൂപ തട്ടി. അഹമ്മദാബാദ് സ്വദേശിയായ ബില്‍ഡറാണ് തട്ടിപ്പിനിരയായത്. ജൂലൈ 3നാണ് കേസിനാസ്പദമായ സംഭവം. മുംബൈയിലെ അന്ധേരി ഫെഡെക്‌സ് കൊറിയര്‍ കമ്പനിയില്‍നിന്നാണെന്ന് പറഞ്ഞാണ് ഒരു ഫോണ്‍ കോള്‍ തട്ടിപ്പിനിരയായ ബില്‍ഡര്‍ക്ക് ലഭിക്കുന്നത്.
തന്റെ പേരിലുള്ള ഒരു പാഴ്‌സലില്‍ 550 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് ഉണ്ടെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടര്‍ന്ന് ഒരു ‘എന്‍.സി.ബി’ ഉദ്യോഗസ്ഥന് ഫോണ്‍ കൈമാറി. ശേഷം, ഓണ്‍ലൈന്‍ പരിശോധനയുടെ ഭാഗമായി വീഡിയോ കോള്‍ ചെയ്യാനായിരുന്നു നിര്‍ദേശം. സ്‌കൈപ്പ് വീഡിയോ കോളില്‍ പോലീസ് സ്‌റ്റേഷനില്‍ ഒരാള്‍ ഇരിക്കുന്നത് കാണാമായിരുന്നു. വീഡിയോ കോളിലെ ആള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് സാവന്ത് ആണെന്ന് സ്വയം പരിചയപ്പെടുത്തി.
ചോദ്യം ചെയ്യലിന് ശേഷം കുറ്റം സമ്മതിക്കാന്‍ ബില്‍ഡറെ നിര്‍ബന്ധിച്ചു. വിശ്വസിപ്പിക്കാനായി അടുത്തിടെ മുംബൈയില്‍ ഇയാള്‍ നടത്തിയ 50 കോടിയുടെ ഭൂമി ഇടപാടിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഇവര്‍ പറഞ്ഞിരുന്നു. കേസില്‍നിന്ന് ഉൗരാന്‍ ഒരു കോടി രൂപ നല്‍കണമെന്നായിരുന്നു അടുത്ത ആവശ്യം. അല്ലെങ്കില്‍ സി.ബി.ഐ, ഇ.ഡി, എന്‍.സി.ബി, മുംബൈ സൈബര്‍ ക്രൈം സെല്‍ എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ അനേ്വഷണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഓണ്‍ലൈനായി ഒരു കോടി രൂപ ഇയാള്‍ നല്‍കുകയും ചെയ്തു.
എന്നാല്‍, പിന്നീട് ‘അനേ്വഷണ ഉദ്യോഗസ്ഥരില്‍’നിന്ന് ഒരു വിവരവും ലഭിച്ചില്ല. അവരെ ബന്ധപ്പെടാനും സാധിച്ചില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടെന്നു മനസിലായത്. തുടര്‍ന്ന്, അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കി. സംഭവത്തില്‍ അനേ്വഷണം നടന്നുവരികയാണ്.