
കൊച്ചി: എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ താന്‍ നിരാശനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ലൂസിഫര്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് താന്‍ പറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് തനിക്ക് മനസ്സിലായി. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്
ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.