• Sun. May 4th, 2025

24×7 Live News

Apdin News

IB warns tourists may be attacked in Srinagar | ഐ.ബി. മുന്നറിയിപ്പ് നല്‍കിയത് ശ്രീനഗറില്‍ വിനോദസഞ്ചാരികള്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന്, പ്രധാനമന്ത്രി ശ്രീനഗറില്‍ എത്തിയില്ല; ഭീകരര്‍ പഹല്‍ഗാം തെരഞ്ഞെടുത്തു?

Byadmin

May 4, 2025


കഴിഞ്ഞമാസം 19-ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്‌മീര്‍ സന്ദര്‍ശിക്കാനിരിക്കേയായിരുന്നു ഐ.ബി. മുന്നറിയിപ്പ്‌. എന്നാല്‍, മോശം കാലാവസ്‌ഥയേത്തുടര്‍ന്ന്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി.

uploads/news/2025/05/779013/palgam.jpg

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരില്‍ വിനോദസഞ്ചാരികള്‍ക്കു നേരേ ഭീകരാക്രമണസാധ്യതയുള്ളതായി ഇന്റലിജന്‍സ്‌ ബ്യൂറോ (ഐ.ബി) മുന്നറിയിപ്പ്‌ നല്‍കിയിരുന്നെങ്കിലും അത്‌ ശ്രീനഗറിനെ സംബന്ധിച്ചായിരുന്നെന്ന്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം 19-ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്‌മീര്‍ സന്ദര്‍ശിക്കാനിരിക്കേയായിരുന്നു ഐ.ബി. മുന്നറിയിപ്പ്‌. എന്നാല്‍, മോശം കാലാവസ്‌ഥയേത്തുടര്‍ന്ന്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി.

ഐ.ബി. റിപ്പോര്‍ട്ടിനേത്തുടര്‍ന്ന്‌, വിനോദസഞ്ചാരികള്‍ എത്തുന്ന ഹോട്ടലുകളിലും ശ്രീനഗറില്‍നിന്ന്‌ 22 കിലോമീറ്റര്‍ അകലെയുള്ള ദച്ചിഗാം ദേശീയോദ്യാനത്തിലുമടക്കം സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പ്രധാനമന്ത്രി ശ്രീനഗര്‍ സന്ദര്‍ശിക്കാനിരുന്ന ഏപ്രില്‍ 19-നുശേഷം, 22-നാണ്‌ ഭീകരര്‍ 90 കിലോമീറ്റര്‍ അകലെയുള്ള പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്‌. ശ്രീനഗറിനു സമീപമുള്ള ഒരു വിനോദസഞ്ചാരകേന്ദ്രത്തില്‍ ഭീകരാക്രമണമുണ്ടാകുമെന്നായിരുന്നു ഐ.ബി. മുന്നറിയിപ്പെന്ന്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു.

വിനോദസഞ്ചാരികള്‍ക്കു നേരേ ഭീകരാക്രമണമുണ്ടാകുമെന്ന താക്കീത്‌ സത്യമായെങ്കിലും സ്‌ഥലം സംബന്ധിച്ച നിഗമനം തെറ്റി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയശേഷവും ശ്രീനഗര്‍ മേഖലയില്‍ സുരക്ഷ ശക്‌തമായി തുടര്‍ന്നു. സംസ്‌ഥാന പോലീസ്‌ മേധാവി നളിന്‍ പ്രഭാത്‌ ശ്രീനഗറില്‍ ക്യാമ്പ്‌ ചെയ്‌താണു സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയത്‌. അതിനുശേഷം അദ്ദേഹം ജമ്മുവില്‍ എത്തിയതിനു തൊട്ടുപിന്നാലെയാണ്‌ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്‌. പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന്‌ ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലും സൂചനയില്ലായിരുന്നെന്ന്‌ ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കപ്പെട്ടതിനു പിന്നാലെ, ആക്രമണത്തിനു ഭീകരര്‍ അടുത്ത അവസരം കാത്തിരുന്നതായാണു നിഗമനം. യു.എസ്‌. വൈസ്‌ പ്രസിഡന്റ്‌ ജെ.ഡി. വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനവേള ആക്രമണത്തിനായി തെരഞ്ഞെടുത്തത്‌ അങ്ങനെയാണെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഏപ്രില്‍ 16-നുതന്നെ ജെ.ഡി. വാന്‍സിന്റെ സന്ദര്‍ശനവിവരം സ്‌ഥിരീകരിക്കപ്പെട്ടിരുന്നു.

ലോക്കല്‍ ഭീകരര്‍ കാവല്‍നിന്നു;പാക്‌ ഭീകരര്‍ വെടിയുതിര്‍ത്തു

അമര്‍നാഥ്‌ തീര്‍ഥാടനവേളയിലൊഴികെ, വര്‍ഷം മുഴുവന്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നിട്ടിരിക്കുന്ന ബൈസരണ്‍ വാലിയാണു ഭീകരര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തത്‌. സംഘത്തിലുണ്ടായിരുന്ന രണ്ട്‌ പ്രാദേശികഭീകരരാണ്‌ വിനോദസഞ്ചാരികളെ കവാടങ്ങളില്‍ തടഞ്ഞത്‌. ഇവിടേക്കുള്ള പ്രവേശനം ടിക്കറ്റ്‌ മുഖേനയായതിനാല്‍ പ്രവേശിക്കാനും പുറത്തുപോകാനും രണ്ട്‌ കവാടങ്ങള്‍ മാത്രമാണുള്ളത്‌. സംഘത്തിലെ പാക്‌ ഭീകരരാണ്‌ വിനോദസഞ്ചാരികള്‍ക്കു നേരേ വെടിയുതിര്‍ത്തത്‌.



By admin