
തിരുവനന്തപുരം: മരിക്കാന്‍ കഴിയാത്തതില്‍ നിരാശനാണെന്നും കടബാദ്ധ്യത താങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഉയര്‍ന്നതോടെയാണ് ഉറ്റവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് തീരുമാനമെടുത്തതെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത അഫാനെ ജയിലിലേക്ക് മാറ്റിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പറഞ്ഞത്.
ദിവസം പതിനായിരം രൂപ വരെ പലിശ നല്‍കേണ്ട സ്ഥിതി വന്നിരുന്നു എന്നും അത് താങ്ങാന്‍ കഴിയാതെയാണ് എല്ലാവരേയും കൊലപ്പെടുത്തി മരിക്കാന്‍ നോക്കിയതെന്നും പറഞ്ഞു. ഇന്നലെ രണ്ടുമണിയോടെയാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കനത്ത സുരക്ഷയിലേക്കാണ് മാറ്റിയത്. പരിക്കേറ്റ മാതാവ് ചികിത്സയില്‍ തുടരുകയാണ്. ഫെബ്രുവരി 24 ന് ആയിരുന്നു കൂട്ടക്കൊലപാതകം നടന്നത്.
പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്സാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.