
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (30th IFFK) സ്‌ക്രീനിംഗ് വേളയിൽ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവ ചലച്ചിത്ര പ്രവർത്തക. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മോശം പെരുമാറ്റം നേരിട്ടു എന്നാണ് ആരോപണം. ഇവർ വിശദമായ പരാതി മുഖ്യമന്ത്രിക്ക് മുൻപാകെ സമർപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പരാതി കന്റോൺമെന്റ് പോലീസിന് കൈമാറി. പരാതിയെന്മേലുള്ള പരിശോധന നടന്നുവരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമാണോ കൂടുതൽ നടപടി എന്ന കാര്യത്തിൽ വ്യക്തതയില്ല. അഞ്ചു ദിവസത്തിന് മുൻപ് സംഭവം നടന്നതായാണ് സൂചന. പരാതിയിൽപ്പറഞ്ഞിട്ടുള്ള വ്യക്തി തലമുതിർന്ന സംവിധായകനെന്നാണ് വിവരം.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഡെലിഗേറ്റ് രജിസ്ട്രേഷൻ നടന്നുവരികയാണ്. വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് ആണ് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍.