കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ആകെ രജിസ്‌റ്റര്‍ ചെയ്‌ത 40 കേസുകളില്‍, പരാതിക്കാര്‍ മൊഴിനല്‍കാന്‍ തയാറാകാത്ത കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടി അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം. ഇതിനായി കോടതിയുടെ അനുമതി തേടും. ഏഴു കേസുകളില്‍ കുറ്റപത്രം നല്‍കി. എട്ടു പരാതികള്‍കൂടി ലഭിച്ചിട്ടുണ്ട്. അഞ്ചു കേസുകള്‍ നോഡല്‍ ഓഫീസര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലുള്ളതാണ്. മൂന്നു കേസുകളില്‍ ഉടന്‍ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യുമെന്ന് എസ്.ഐ.ടി. വ്യക്‌തമാക്കി. അതിനുശേഷമാകും കേസുകള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ നേരത്തെ പ്രത്യേക അന്വേഷണസംഘമെടുത്ത കേസ് തുടരാന്‍ താല്‍പ്പര്യമില്ലെന്നു മാലാ പാര്‍വതി ഉള്‍പ്പെടെയുള്ള നടിമാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യത സൂക്ഷിക്കപ്പെടുമെന്ന ഉറപ്പിലാണ് ഹേമ കമ്മിറ്റിക്കു മുമ്പാകെ മൊഴി നല്‍കിയത്, പോലീസിനു മുന്നില്‍ മൊഴിനല്‍കാന്‍ താല്‍പ്പര്യമില്ല എന്നും നടിമാര്‍ അറിയിച്ചിരുന്നു. മൊഴിനല്‍കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നാണു സുപ്രീം കോടതിയുടെ അഭിപ്രായം. അതിനാല്‍, ഇനി ആരെയും പരാതി നല്‍കാന്‍ സമീപിക്കില്ല.
വിനോദ വ്യവസായ മേഖലയ്‌ക്കായുള്ള നിയമത്തിനു പരിഗണിക്കേണ്ട കരട് നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി സമര്‍പ്പിച്ചിട്ടുണ്ട്. ഫെമിനിസ്‌റ്റിക് സമീപനത്തോടൊപ്പം സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ ഉള്‍പ്പെടെ, ബഹുതലത്തിലുള്ള വിവേചനം കണക്കിലെടുക്കുന്ന സമഗ്രമായ നിയമമാണു വേണ്ടതെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു സംസ്‌ഥാനത്തും ഇത്തരത്തില്‍ സമഗ്രമായ നിയമമില്ലെന്നും കോടതി വ്യക്‌തമാക്കുന്നു.
വിഷയം അടുത്തമാസം ആറിനു വീണ്ടും പരിഗണിക്കും. നിയമനിര്‍മാണത്തിനായി കോണ്‍ക്ലേവ് അടുത്തമാസം മൂന്നാം വാരം കൊച്ചിയില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം കോടതിയെ അറിയിക്കും.