നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ മകനെ പിതാവ് അടിച്ചുകൊന്നു. ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. പിതാവ് രവീന്ദ്രന്‍ നായരെ കമ്പംമെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.
അമിതമായി മദ്യപിച്ചു വീട്ടിലെത്തിയ ഗംഗാധരന്‍ പിതാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അതിനിടെ, രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു. ഇതോടെ ഇയാളുടെ തലയില്‍ മുറിവേല്‍ക്കുകയും ബോധരഹിതനായി വീഴുകയും ചെയ്തു.
രവീന്ദ്രന്‍ അയല്‍വാസികളെ വിവരമറിയിച്ചു. ഉടന്‍തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയിലുണ്ടായ മുറിവില്‍നിന്നു രക്തംവാര്‍ന്നാണ് മരണം. ഗംഗാധരന്‍ വീട്ടില്‍നിന്നു മാറിയാണു താമസിച്ചിരുന്നത്.
രണ്ടു മാസം മുമ്പു മദ്യപാനം നിര്‍ത്തിയശേഷം വീട്ടില്‍ സ്ഥിരതാമസമാക്കി. എന്നാല്‍, വീണ്ടും മദ്യപിച്ച് വീട്ടില്‍ ബഹളംവച്ചു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
ഉടുമ്പന്‍ചോലയില്‍ പിതാവിനെ മകന്‍ അടിച്ചുകൊന്നു. മധ്യപ്രദേശ് സ്വദേശിയായ ഭഗത് സിങ്ങാണ് മരിച്ചത്. പ്രതിയായ മകന്‍ ഒളിവില്‍. ഉടുമ്പ ഞ്ചോല ശാന്തരുവിയിലെ സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികളായിരുന്നു ഭഗത് സിങ്ങും മകന്‍ രാകേഷും.
കഴിഞ്ഞ ദിവസം മദ്യപാനത്തെത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനിടെ രാകേഷ് പിതാവിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. പിതാവ് ബോധരഹിതനായി വീട്ടില്‍ കിടക്കുകയായാണെന്നു പിന്നീടു രാകേഷ് അയല്‍വാസികളെ അറിയിച്ചു.
നാട്ടുകാരാണ് ഭഗത്‌സിങ്ങിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുമ്പുതന്നെ മരണം സംഭവിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ഭഗത് സിങ്ങിന്റെ വാരിയെല്ലിനു പൊട്ടലുണ്ടാകുകയും ഹൃദയഘാതം സംഭവിക്കുകയുമായിരുന്നു. ഒളിവില്‍ പോയ രാകേഷ് ഉടുമ്പഞ്ചോലയിലെ തോട്ടം മേഖലയിലുള്ളതായാണ് സൂചന. ഉടുമ്പഞ്ചോല പോലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.