
ന്യൂഡല്‍ഹി: സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്‌താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്‌മീരിലെ രാംബനിലുള്ള ബഗ്ലിഹാര്‍ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിര്‍മിച്ച അണക്കെട്ടാണ് ബഗ്ലിഹാര്‍.
ഇന്ത്യയുടെ ഈ നീക്കം പാകിസ്‌താനിലെ പഞ്ചാബ് പ്രവിശ്യയെ നേരിട്ട് ബാധിക്കും. പാക് പഞ്ചാബിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറില്‍നിന്നുള്ള ജലമാണ്. ഇതിനു സമാനമായ നടപടി ഝലം നദിയുടെ പ്രധാന കൈവഴിയായ നീലം നദിയില്‍ നിര്‍മിച്ചിട്ടുള്ള കിഷന്‍ഗംഗ ഡാമിലും സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സിന്ധുനദീജലക്കരാര്‍ പ്രകാരം പാകിസ്‌താന് പൂര്‍ണമായും ഉപയോഗിക്കാവുന്ന നദികളാണ് ചെനാബ്, ഝലം എന്നിവ. എന്നാല്‍, ഇവ ഒഴുകുന്നത് ജമ്മുകശ്‌മീരില്‍ നിന്ന് പാകിസ്‌താനിലേക്കാണ്. ഇന്ത്യയ്‌ക്ക് ഇവയിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ മാത്രമേ അവകാശമുള്ളു. 1960 ലോകബാങ്കിന്റെ മധ്യസ്‌ഥതയില്‍ ഒപ്പുവെച്ചതാണ് സിന്ധു നദീജല കരാര്‍. ഈ കരാറാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലൈ ഇന്ത്യ മരവിപ്പിച്ചത്.പാകിസ്‌താന്‍ എന്നും ഭയന്നിരുന്ന പദ്ധതികളായിരുന്നു ബഗ്ലിഹാറും കിഷന്‍ഗംഗയും. 2008ലാണ് ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത്. രണ്ടാം ഘട്ടം 2016ലും. സിന്ധുനദീജലക്കരാറിന് വിരുദ്ധമാണ് അണക്കെട്ടിന്റെ നിര്‍മാണമെന്ന് ആരോപിച്ച് പാകിസ്‌താന്‍ പലതവണ ഇത് മുടക്കാന്‍ ശ്രമിച്ചിരുന്നു.
2007 ല്‍ തുടങ്ങി 2018ല്‍ പൂര്‍ത്തിയായതാണ് കിഷന്‍ഗംഗ അണക്കെട്ട്. ഇതിനെതിരെയും പാകിസ്‌താന്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. രണ്ട് പദ്ധതികളും മുടക്കാന്‍ നടത്തിയ പാകിസ്‌താന്റെ ശ്രമം ഇന്ത്യ നിയമപരമായി തന്നെ പരാജയപ്പെടുത്തി. ഈ രണ്ട് പദ്ധതികളും ഉപയോഗിച്ചാല്‍ പാകിസ്‌താനിലേക്കൊഴുകുന്ന ജലത്തിന്റെ ഭൂരിഭാഗവും ഇന്ത്യയ്‌ക്ക് തടയാനാകും.
അതിനിടെ, പാകിസ്‌താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. നിയന്ത്രണ രേഖയില്‍ എട്ടിടത്ത് വെടിവെയ്‌പ് നടന്നു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ധര്‍, നൗഷേര, സുന്ദര്‍ബനി, അഖ്‌നൂര്‍ പ്രദേശങ്ങളിലാണ് വെടിവയ്‌പ്പുണ്ടായത്. പാക് നടപടിക്ക് തക്ക മറുപടി നല്‍കിയതായി കരസേന അറിയിച്ചു. കഴിഞ്ഞ പത്തു ദിവസത്തിലെ ഏറ്റവും വലിയ പ്രകോപനമാണ് നിയന്ത്രണ രേഖയിലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, പാകിസ്‌താനെതിരായ നടപടികള്‍ തുടരുന്നതിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മുന്‍ മന്ത്രി ബിലാവല്‍ ഭൂട്ടോ എന്നിവരുടെ എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ വിലക്കി. നിയമപരമായ കാരണങ്ങള്‍കൊണ്ടാണ് ഇവരുടെ അക്കൗണ്ട് നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതെന്നാണ് കാരണമായി എക്‌സ് അറിയിച്ചിരിക്കുന്നത്.