പാക്കിസ്ഥാന് വെള്ളം നല്‍കുന്ന സിന്ധു നദീജല കരാർ റദ്ദാക്കും. വാഗ – അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. ഡല്‍ഹിയിലെ പാക് ഹൈകമ്മീഷൻ രാജ്യം വിടണമെന്നും ഇന്ത്യ നിർദേശിച്ചു.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് കടന്ന് ഇന്ത്യ. പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാന് വെള്ളം നല്‍കുന്ന സിന്ധു നദീജല കരാർ റദ്ദാക്കും. വാഗ – അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. ഡല്‍ഹിയിലെ പാക് ഹൈകമ്മീഷൻ രാജ്യം വിടണമെന്നും ഇന്ത്യ നിർദേശിച്ചു.
ഭീകരാക്രമണത്തിന് അതിർത്തി കടന്ന് പിന്തുന്ന ലഭിച്ചെന്ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി യോഗത്തിന് ശേഷം മന്ത്രാലയം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 26 പേരാണ്. 25 ഇന്ത്യക്കാരും ഒരു നേപ്പാള്‍ പൗരനും മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികളും ഇന്ത്യ മരവിപ്പിച്ചു. പാകിസ്താനില്‍നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യോഗം രണ്ട് മണിക്കൂറിലേറെ നീണ്ടു.