ലാന്‍ഡ് അക്വിസിഷനു പകരം ലാന്‍ഡ് പൂളിങ് രീതി സംസ്‌ഥാനത്ത് ആദ്യ പരീക്ഷണമാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമം അട്ടിമറിക്കപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഇതു സംബന്ധിച്ച ആക്‌ടില്‍ വ്യക്‌തമാക്കിയിട്ടുമുണ്ട്.
കൊച്ചി: കൊച്ചി മെട്രോയ്‌ക്കുവേണ്ടി സ്‌ഥലം വിട്ടുനല്‍കിയവര്‍ മതിയായ നഷ്‌ടപരിഹാരത്തിനായി ഇപ്പോഴും നിയമപോരാട്ടം തുടരുമ്പോള്‍, ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട വികസനത്തിന് ഭൂമി തേടിയുള്ള സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ആശങ്ക.
ഇന്‍ഫോ പാര്‍ക്ക് വികസനത്തിനായി സംസ്‌ഥാനത്ത് ആദ്യമായി ലാന്‍ഡ് പൂളിങ് രീതിയില്‍ 300ല്‍പ്പരം ഏക്കര്‍ സ്‌ഥലം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമം. സ്‌ഥലം നല്‍കാന്‍ താല്‍പര്യമുള്ള പലരില്‍നിന്നായി ഒരുമിച്ച് ഒരേ മേഖലയില്‍ വേണ്ടത്ര ഭൂമി സമാഹരിച്ച് വികസനം എന്നതാണ് ലാന്‍ഡ് പൂളിങ്ങിലൂടെ ഉദ്ദേശിക്കുന്നത്.
2014ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമമുള്ളപ്പോള്‍ പൊതു ആവശ്യത്തിന് എന്തിന് ലാന്‍ഡ് പൂളിങ് നടത്തണമെന്നാണ് നിയമ വിദഗ്‌ധരുടെ ചോദ്യം. ഇങ്ങനെ സ്‌ഥലം ഏറ്റെടുത്താല്‍ അര്‍ഹമായ തുക ലഭിക്കാതെ ഉടമകള്‍ വ്യവഹാരങ്ങളില്‍ കുടുങ്ങുകയായിരിക്കും ഫലം. ഒരുമിച്ച് എവിടെ സ്‌ഥലം കിട്ടുന്നുവോ അവിടെ രണ്ടാംഘട്ട വികസനം എന്നതാണ് ഇന്‍ഫോ പാര്‍ക്കിന്റെ നയമെന്ന് ഐ ടി വക്‌താവ് മംഗളത്തോടു പറഞ്ഞു.
ഈ നീക്കമറിഞ്ഞ് ഇപ്പോള്‍ത്തന്നെ പ്രദേശത്ത് റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാര്‍ ആകര്‍ഷകമായ വില വാഗ്‌ദാനവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
നിലവിലുള്ള പദ്ധതി പ്രദേശത്തോടു ചേര്‍ന്നുതന്നെ ഭൂമി ലഭിച്ചാല്‍ അഭികാമ്യം എന്നാണ് സര്‍ക്കാര്‍ നിലപാട്. 300 ഏക്കറില്‍ 200 ഏക്കര്‍ അടിസ്‌ഥാന സൗകര്യ വികസനത്തിന് ചെലവിട്ട ശേഷം ബാക്കി ഇന്‍ഫോ പാര്‍ക്കിനായി പൂര്‍ണമായി വിനിയോഗിക്കും.
പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ലാന്‍ഡ് പൂളിങ് എന്ന വാക്കു പോലുമില്ലെന്നും ഇത് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള വഞ്ചനയാണെന്നും ഭൂമി ഏറ്റെടുക്കല്‍ നിയമം അട്ടിമറിക്കപ്പെടുകയാണെന്നും ലാന്‍ഡ് അക്വിസിഷന്‍ സംബന്ധിച്ച് സമഗ്ര പഠനം നടത്തിയിട്ടുള്ള സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.ടി.ആര്‍.എസ്. കുമാര്‍ മംഗളത്തോടു പറഞ്ഞു.
2010ലെ ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഘട്ട അക്വിസിഷനില്‍ 52,520 രൂപ സെന്റിന് പ്രഖ്യാപിച്ച സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്‌ത് നിയമ നടപടികള്‍ക്ക് പോയ ഭൂവുടമകള്‍ക്ക് ഒരു സെന്റിന് 14 ലക്ഷം രൂപ ഇപ്പോള്‍ നല്‍കേണ്ടിവരും.
നേരത്തെ , ഇന്‍ഫോ പാര്‍ക്ക് രണ്ടാംഘട്ട വികസനത്തിനു വേണ്ടി അക്വയര്‍ ചെയ്‌ത 100 ഏക്കര്‍ ഭൂമിക്ക് കുറഞ്ഞ തുക നഷ്‌ടപരിഹാരം നല്‍കിയതിനെതിരെ ഭൂവുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി ലഭിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ക്ക് പദ്ധതിക്കായി സ്‌ഥലം വിട്ടുകൊടുക്കുന്ന എല്ലാവരും അര്‍ഹരാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈക്കോടതി നഷ്‌ടപരിഹാരത്തുക ഉയര്‍ത്തിയത്.
ഇതേസമയം, കൊച്ചി മെട്രോയ്‌ക്കു വേണ്ടി സ്‌ഥലം നല്‍കിയവരില്‍ അഞ്ഞുറോളം ഉടമകള്‍ മതിയായ നഷ്‌ട പരിഹാരം കിട്ടാന്‍ വേണ്ടി നടത്തുന്ന പോരാട്ടം സുപ്രിം കോടതി വരെ എത്തി നില്‍ക്കുകയാണ്. 2014 ജനുവരിയില്‍ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം പ്രാബല്യത്തില്‍ വന്നശേഷം സംസ്‌ഥാനത്ത് ആദ്യം നടന്ന ഏറ്റവും വലിയ പദ്ധതിയായിരുന്നു കൊച്ചി മെട്രോ. എം.ജി. റോഡില്‍ സെന്റിന് 53 ലക്ഷം രൂപവരെയായിരുന്നു വാഗ്‌ദാനം.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ സ്‌ഥലം ഏറ്റെടുക്കലിന് ഉണ്ടാക്കിയ വില്‍പ്പനക്കരാര്‍ വഴി 1000 കോടി രൂപയോളം കൊച്ചി മെട്രോ ലാഭമുണ്ടാക്കി എന്നായിരുന്നു ആക്ഷേപം. ഇതിനെ ചോദ്യം ചെയ്‌ത് ഭൂവുടമകള്‍ ഹൈക്കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ എതിര്‍വാദവുമായെത്തി. കമ്പോള വില സംബന്ധിച്ച് ഭൂവുടമകള്‍ക്ക് ജില്ലാ കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടാക്കാമെന്നായിരുന്നു ആദ്യ കോടതി വിധി. ലഭിക്കേണ്ട തുകയുടെ പാതി പോലും ഭൂവുടമകള്‍ക്ക് ലഭിച്ചില്ലെന്ന വാദം സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ ഭൂമി ഉടമകള്‍ സ്വമേധയാ നല്‍കിയതാണ് എന്ന് സര്‍ക്കാര്‍ വാദമുയര്‍ത്തി.
സമാനമായ സാഹചര്യം ഇന്‍ഫോപാര്‍ക്ക് വികസന പദ്ധതിയിലും ഉണ്ടാവുമോ എന്നതാണ് ആശങ്ക. ലാന്‍ഡ് അക്വിസിഷനു പകരം ലാന്‍ഡ് പൂളിങ് രീതി സംസ്‌ഥാനത്ത് ആദ്യ പരീക്ഷണമാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമം അട്ടിമറിക്കപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഇതു സംബന്ധിച്ച ആക്‌ടില്‍ വ്യക്‌തമാക്കിയിട്ടുമുണ്ട്.
രാജു പോള്‍