ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് വലിയ തോതിലുള്ള പ്രചാരണത്തിന് പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും പഴുതടച്ചുള്ള നീക്കത്തിലൂടെ അവയെ ഇല്ലാതാക്കുക എന്നതിന് മുന്‍കൈ നല്‍കി നീക്കം ശക്‌തിപ്പെടുത്താനാണ് തീരുമാനം.

തിരുവനന്തപുരം: മയക്കുമരുന്നുകളുടെ ഉപയോഗം കേരളത്തിന്റെ പ്രതിച്‌ഛായയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാന്‍ സര്‍ക്കാര്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് വലിയ തോതിലുള്ള പ്രചാരണത്തിന് പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും പഴുതടച്ചുള്ള നീക്കത്തിലൂടെ അവയെ ഇല്ലാതാക്കുക എന്നതിന് മുന്‍കൈ നല്‍കി നീക്കം ശക്‌തിപ്പെടുത്താനാണ് തീരുമാനം.
സ്‌കൂള്‍, കോളജ്, ബസ് സ്‌റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതല്‍ ശക്‌തമാക്കാന്‍ സര്‍ക്കാര്‍ എക്‌സൈസിനു പ്രത്യേക നിര്‍ദേശവും നല്‍കി. മിഠായികളില്‍ മയക്കുമരുന്ന് കലര്‍ത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന വിഷയത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
എക്‌സൈസിന്റെ നേതൃത്വത്തിലാണു മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്‌തമാക്കിയതെങ്കിലും പോലീസും ഇത് തടയുന്നതിനുള്ള കര്‍ശനമായ ശ്രമത്തിലാണ്. പോലീസിന്റെ നേതൃത്വത്തില്‍ വലിയതോതിലുള്ള പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതോടൊപ്പം പൊതുവേദികളെക്കൂടി ഉള്‍പ്പെടുത്തി ഒരു ബഹുജനപ്രസ്‌ഥാനമായി മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങളെ ശാക്‌തീകരിക്കാനാണു ശ്രമം. രാഷ്‌ട്രീയം ഉള്‍പ്പെടെ ഒന്നും പരിഗണിക്കാതെ മുഖംനോക്കാതെയുള്ള നടപടിക്കാണ് നിര്‍ദേശവും നല്‍കിയിട്ടുള്ളത്.
വടക്കന്‍ ജില്ലകളില്‍ ചില ക്ലബുകളും മറ്റും മുന്നിട്ടിറങ്ങി മയക്കുമരുന്ന് വില്‍ക്കുന്നവരെയും വാങ്ങുന്നവരേയും പിടികൂടി അധികാരികളെ ഏല്‍പ്പിക്കുന്നതിനുള്ള പരിശ്രമം നടത്തുന്നുണ്ട്. അത്തരത്തില്‍ എല്ലാ മേഖലകളിലുള്ള കൂട്ടായ്‌മകളേയും ഇതിനായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതോടൊപ്പം ബോധവല്‍ക്കരണം ശക്‌തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എക്‌സൈസിന്റെ നേതൃത്വത്തിലുള്ള റെയ്‌ഡുകളും മയക്കുമരുന്നുവേട്ടയും ശക്‌തമായി മുന്നേറുകയാണ്.
എട്ടു ദിവസത്തില്‍ 3568 റെയ്‌ഡുകളും 33709 വാഹന പരിശോധനയുമാണ് നടത്തിയത്. 1.9 കോടിയുടെ മയക്കുമരുന്ന് പിടികൂടുകയും 554 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തു. ഈ മാസം 12 വരെയാണ് എക്‌സൈസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് നിശ്‌ചയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിന്റെ അടിസ്‌ഥാനത്തില്‍ അത് ഒരാഴ്‌ച കൂടി ദീര്‍ഘിപ്പിക്കുന്നതിനും തീരുമാനിച്ചു.