ധാരണ പ്രകാരം ഹമാസിന്റെ പക്കലുള്ള 94 ഇസ്രയേലി പൗരന്‍മാരെ വിട്ടയയ്‌ക്കും. പകരം തങ്ങളുടെ കസ്‌റ്റഡിയിലുള്ള 1000 പലസ്‌തീന്‍ പൗരന്‍മാരെ ഇസ്രയേലും മോചിപ്പിക്കും. ആറാഴ്‌ചത്തേയ്‌ക്കാണ് വെടിനിര്‍ത്തല്‍.
ഇറുസലേം/ദോഹ: ഗാസ മുനമ്പില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരട് ധാരണ ഇസ്രയേലും അംഗീകരിച്ചു. ധാരണ കഴിഞ്ഞ ദിവസം ഇത് ഹമാസ് അംഗീകരിച്ചിരുന്നു. ധാരണ പ്രകാരം ഹമാസിന്റെ പക്കലുള്ള 94 ഇസ്രയേലി പൗരന്‍മാരെ വിട്ടയയ്‌ക്കും. പകരം തങ്ങളുടെ കസ്‌റ്റഡിയിലുള്ള 1000 പലസ്‌തീന്‍ പൗരന്‍മാരെ ഇസ്രയേലും മോചിപ്പിക്കും. ആറാഴ്‌ചത്തേയ്‌ക്കാണ് വെടിനിര്‍ത്തല്‍.
കരാറിന്റെ അന്തിമ കരടുരേഖ സമാധാനശ്രമങ്ങളിലെ പ്രധാന മധ്യസ്‌ഥരായ ഖത്തര്‍ ഇരുകക്ഷികള്‍ക്കും കൈമാറിയിരുന്നു. . ഞായറാഴ്‌ച ദോഹയില്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ്, ആഭ്യന്തരസുരക്ഷാസര്‍വീസായ ഷിന്‍ ബെത് എന്നിവയുടെ മേധാവികളും നിയുക്‌ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്‌റ്റീവ് വിറ്റ്‌കോഫും ചര്‍ച്ച നടത്തിയിരുന്നു. യു.എസ്. പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അതിവേഗ നീക്കത്തിലൂടെ വെടിനിര്‍ത്തലിനു ധാരണയായത്. താന്‍ അധികാരമേല്‍ക്കും മുന്നേ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ മുച്ചൂടും മുടിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കരാര്‍ ഇസ്രായേല്‍ നാളെ വോട്ടിനിടും. ഇസ്രായേലിലെ തീവ്ര വലതുപക്ഷം വെടിനിര്‍ത്തലിനെതിരെ രംഗത്തുവന്നിരുന്നു.
2023 ഒക്‌ടോബര്‍ 7-ന് ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തുകയും നൂറിലേറെ ആളുകളെ ബന്ദികളാക്കുകയും ചെയ്‌തതിനു പിന്നാലെയാണ് ഇസ്രയേല്‍ ഗാസയ്‌ക്കുമേല്‍ യുദ്ധം തുടങ്ങിയത്. യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമായി യു.എസ്, ഇൗജിപ്‌ത്, ഖത്തര്‍ എന്നിവയുടെ മധ്യസ്‌ഥതയില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. നിയുക്‌ത യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരി 20 ന് സ്‌ഥാനമേല്‍ക്കുന്നതിനു മുമ്പ് വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ കഴിയുമെന്ന് ഇസ്രേലി ഉദ്യോഗസ്‌ഥര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സ്‌ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ 18 പലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടു. യെമനിലെ ഹൂതി വിമതര്‍ ഇസ്രയേലിനു നേരേയും ആക്രമണം നടത്തിയിരുന്നു.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രൂപീകരിച്ചതും യു.എന്‍. സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചതുമായ മൂന്നുഘട്ടങ്ങളിലുള്ള വെടിനിര്‍ത്തല്‍ ധാരണയാണു പരിഗണിച്ചിരുന്നത്. ഇതനുസരിച്ച് ആദ്യം ആറാഴ്‌ചയ്‌ക്കുള്ളില്‍ 33 ബന്ദികളെ വിട്ടയയ്‌ക്കും. ഇൗ കാലയളവില്‍ ജനവാസകേന്ദ്രങ്ങളില്‍നിന്ന് ഇസ്രേലി സേന പിന്‍വാങ്ങും. വടക്കന്‍ ഗാസയിലെ വീടുകളിലേക്കു മടങ്ങാന്‍ പലസ്‌തീന്‍കാരെ അനുവദിക്കും. കൂടുതല്‍ മാനുഷികസഹായവും ഇൗ ഘട്ടത്തിലുണ്ടാകും. ഓരോ ദിവസവും 600 ട്രക്കുകള്‍ പ്രവേശിക്കും. രണ്ടാംഘട്ടത്തിന്റെ വിശദാംശങ്ങള്‍ ആദ്യഘട്ടത്തില്‍ ചര്‍ച്ചചെയ്‌തു തീരുമാനിക്കും.