കേരളമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിക്ഷേപത്തട്ടിപ്പുകളുടെ പശ്‌ചാത്തലത്തില്‍ ജനങ്ങളെ ബോധവത്‌കരിക്കാനുള്ള ദൗത്യം ആര്‍.ബി.ഐ. ഏറ്റെടുക്കും.
തിരുവനന്തപുരം: ‘ബാങ്ക്’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ക്കെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ). 2020 സെപ്‌റ്റംബര്‍ 29-ന് പ്രാബല്യത്തിലായ ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം കര്‍ശനമാക്കാനാണ് നീക്കം. കേരളമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിക്ഷേപത്തട്ടിപ്പുകളുടെ പശ്‌ചാത്തലത്തില്‍ ജനങ്ങളെ ബോധവത്‌കരിക്കാനുള്ള ദൗത്യം ആര്‍.ബി.ഐ. ഏറ്റെടുക്കും.
സഹകരണസംഘങ്ങളുമായുള്ള ഇടപാടുകള്‍ക്കു മുമ്പ് അവയ്‌ക്ക് ബാങ്കിങ് ലൈസന്‍സുണ്ടോയെന്ന് മനസിലാക്കണമെന്ന നിര്‍ദേശമാകും ബോധവത്‌കരണത്തിന്റെ ഭാഗമായി പ്രധാനമായും നല്‍കുക. ബാങ്കിങ് നിയന്ത്രണനിയമം (1949), വകുപ്പ് ഏഴുപ്രകാരം സഹകരണസംഘങ്ങള്‍ക്കു ബാങ്ക് എന്ന് അവകാശപ്പെടാനോ ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നീ വാക്കുകള്‍ പേരിനൊപ്പം ചേര്‍ക്കാനോ കഴിയില്ല. എന്നാല്‍, കേരളത്തിലുള്‍പ്പെടെ മിക്ക സഹകരണസംഘങ്ങളും ബാങ്ക് എന്ന പേരില്‍ത്തന്നെയാണു പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍.ബി.ഐ. കണ്ടെത്തി.
ചില സഹകരണസംഘങ്ങള്‍ അംഗങ്ങളില്‍ നിന്നല്ലാതെയും നിക്ഷേപം സ്വീകരിക്കുന്നു. ഇത്തരം സംഘങ്ങള്‍ക്ക് ആര്‍.ബി.ഐയുടെ അംഗീകൃത ബാങ്കിങ് ലൈസന്‍സില്ല. അതുകൊണ്ടുതന്നെ നിക്ഷേപങ്ങള്‍ക്കു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.
ബാങ്കെന്ന് അവകാശപ്പെടുന്ന സഹകരണസംഘങ്ങളുമായി ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് അവയ്‌ക്ക് ആര്‍.ബി.ഐ. ലൈസന്‍സുണ്ടോയെന്ന് നിക്ഷേപകര്‍ ഉറപ്പാക്കണം. ആര്‍.ബി.ഐ. നിയന്ത്രിക്കുന്ന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ പട്ടിക ഓണ്‍ലൈനില്‍ ലഭ്യമാണ്. സഹകരണസംഘങ്ങളുടെ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ ബോധവത്‌കരണം ആവശ്യമാണെന്നതാണ് ആര്‍.ബി.ഐയുടെ നിലപാട്.