
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ കൃത്യത്തിലേക്ക് നയിച്ചത് കടബാദ്ധ്യത മൂലമുള്ള പ്രതിസന്ധിയാണെന്ന നിഗമനത്തിലേക്ക് പോലീസ്. ചികിത്സയില്‍ കഴിയുന്ന അമ്മ ഷെമീനയുടേയും പിതാവ് റഹീമിന്റെയും മൊഴിയെടുത്തു. സാമ്പത്തീക പ്രതിസന്ധി പരിഹരിക്കാനായി അഫാന്റെ മാതാവ് ഷെമീന നടത്തിയ പരിപാടികളും കുടുംബത്തിന് തിരിച്ചടിയായി മാറുകയായിരുന്നു.
സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ വേണ്ടി ഷെമീന ചിട്ടി നടത്തിയിരുന്നു. ഇതും പണം നഷ്ടപ്പെടാന്‍ കാരണമായി. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി പിടിച്ചിരുന്നു. ഇവര്‍ക്ക് കിട്ടിയ ചിട്ടിയില്‍ പക്ഷെ പണം നല്‍കിയില്ല. ഇതേ ചൊല്ലി തര്‍ക്കമുണ്ടാകുകയും ലത്തീഫിനോട് അഫാന്‍ മോശമായി സംസാരിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ലത്തീഫ് ഈ വിവരം അടുത്ത ചില ബന്ധുക്കളോട് പറഞ്ഞിരുന്നു. വിദേശത്ത് നടത്തിയ ബിസിനസില്‍ പിതാവ് റഹീമും സാമ്പത്തീക പ്രതിസന്ധിയിലായിപ്പോയി.
കഴിഞ്ഞദിവസമാണ് റഹീം വിദേശത്ത് നിന്നും നാട്ടിലെത്തിയത്. രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്ന റഹിമിനു നാട്ടിലെത്താന്‍ വഴിയൊരുക്കിയത് സാമൂഹിക സംഘടനകളുടെ ഇടപെടലാണ്. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കില്‍ പോലും നടപടികള്‍ തീരുന്നത് വരെ കാത്തിരുന്നേ പറ്റുമായിരുന്നുള്ളൂ. ഒന്നുകില്‍ സ്‌പോണ്‍സറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണമെന്നായിരന്നു അവസ്ഥ. അല്ലെങ്കില്‍ എംബസി വഴി, ലേബര്‍ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോര്‍ട്ട് ചെയ്യിക്കണം.
വര്‍ഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറി. വിദേശത്ത് ഒളിവിലായിരുന്നതിനാല്‍ നാട്ടിലേക്ക് വിളിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ നാട്ടില്‍ നടക്കുന്നത് അറിഞ്ഞിരുന്നില്ലെന്നും റഹീം പോലീസിനോട് പറഞ്ഞു. പോലീസ് ഷെമീനയുടേയും റഹീമിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അഫാനെതിരെ മൊഴി നല്‍കാന്‍ ഷെമീന കൂട്ടാക്കിയില്ല. കട്ടിലില്‍ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്നാണ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ആവര്‍ത്തിച്ചു.
45 മിനിറ്റാണ് ആശുപത്രിയില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയത്. ലത്തീഫിന്റെ ഭാര്യ ഷാഹിദയെ അഫാന്‍ ലക്ഷ്യമിട്ടിരുന്നില്ല എന്നാണ് പൊലീസിന് മൊഴി നല്‍കിയത്. തലക്കടിയേറ്റ് ലത്തീഫ് നിലത്ത് വീണപ്പോള്‍ അടുക്കളയില്‍ നിന്നും ഓടിവന്ന ഷാഹിദ നിലവിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് തലക്കടിച്ച് വീഴ്ത്തിയതെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കി.