അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒരു അഭിനിവേശമാണ്. അത് അടുത്ത കുടുംബാംഗത്തിന് എതിരാണെങ്കില്‍ പോലും പോരാട്ടത്തില്‍ വിട്ടുകൊടുക്കലില്ല. പവാര്‍ കുടുംബത്തിന്റെ പേരിലാണു പല പോരാട്ടങ്ങളും.
മുംബൈ: എന്‍.സി.പി. പിളര്‍ന്നപ്പോള്‍ അതിന്റെ അലയൊലി ശരദ് പവാര്‍ കുടുംബത്തിലും പ്രതിഫലിച്ചു. അതു സാവധാനം നേതാക്കളുടെ കുടുംബങ്ങളിലേക്കും പടരുകയാണ്, പ്രത്യേകിച്ചു വിദര്‍ഭയില്‍.
അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒരു അഭിനിവേശമാണ്. അത് അടുത്ത കുടുംബാംഗത്തിന് എതിരാണെങ്കില്‍ പോലും പോരാട്ടത്തില്‍ വിട്ടുകൊടുക്കലില്ല. പവാര്‍ കുടുംബത്തിന്റെ പേരിലാണു പല പോരാട്ടങ്ങളും.
നാല് തവണ എം.എല്‍.എയും മഹാരാഷ്‌ട്ര ഭക്ഷ്യ, മയക്കുമരുന്ന് മന്ത്രിയുമായ ധരംബാബ അത്രമിനെ അഹേരി മണ്ഡലത്തില്‍ നേരിടുന്നത് ജില്ലാ പരിഷത്ത് മുന്‍ പ്രസിഡന്റുകൂടിയായ മകള്‍ ഭാഗ്യശ്രീ ആത്രംഹല്‍ഗേക്കര്‍ ആണ്. അജിത് പക്ഷത്തോടൊപ്പമാണ് അത്രം. മകള്‍ ശരദ് പവാര്‍ പക്ഷത്തും. ആദിവാസി ജില്ലയായ അഹേരിയിലെ രാജകുടുംബത്തിന്റെ പിന്‍ഗാമിയാണ് ധരംബാബ. അമ്മാവന്‍ രാജെ വിശേ്വശ്വര്‍ റാവുവിനെ പിന്തുടര്‍ന്നാണ് അദ്ദേഹം രാഷ്‌ട്രീയത്തിലെത്തിയത്. നിയമസഭയില്‍ സിറോഞ്ചയുടെ എം.എല്‍.എയായിരുന്നു വിശേ്വശ്വര്‍ റാവു. 1977 ല്‍ ചന്ദ്രപൂര്‍ സീറ്റില്‍നിന്നു ലോക്‌സഭയിലെത്തുകയും ചെയ്‌തു.
1985 ലും 1995 ലും രാജെ വിശേ്വശ്വരറാവുവിന്റെ മകന്‍ രാജെ സത്യവാന്‍ അഹേരി നിയമസഭാ സീറ്റില്‍നിന്ന് വിജയിച്ചു.
രാജെ സത്യവാനെതിരേ വിമതനായി മത്സരിച്ചായിരുന്നു ധരംബാബയുടെ തുടക്കം. വിജയിച്ചതോടെ അദ്ദേഹം ശരദ് പവാര്‍ പക്ഷത്തെത്തി. പവാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധരംബാബ ക്യാബിനറ്റ് മന്ത്രിയായി.
എന്‍.സി.പി. പിളര്‍ന്നപ്പോള്‍ അജിത് പവാര്‍ ഗ്രൂപ്പിനൊപ്പം ധരംബാബ പോയി. മഹായുതി സര്‍ക്കാരില്‍ മന്ത്രിയായുമായി. പിതാവിനൊപ്പം ചേരി മാറാന്‍ ഭാഗ്യശ്രീ തയാറായില്ല. അവര്‍ ശരദ് പവാറിനൊപ്പം ഉറച്ചുനിന്നു. പിതാവിനെതിരേ മത്സരിക്കാന്‍ എന്‍.സി.പി.- ശരദ് പവാര്‍ ഗ്രൂപ്പിന്റെ സീറ്റും കിട്ടി.
കുടുംബത്തര്‍ക്കം ഇവിടെ അവസാനിക്കുന്നില്ല. മത്സരത്തിനായി രാജെ അംബരീഷ്‌റാവു ആത്രവും രംഗത്തുണ്ട്. രാജെ സത്യവാന്റെ മകനാണു അംബരീഷ്‌റാവു. പിതാവിനുവേണ്ടി ധരംബാബുവിനെ തോല്‍പിക്കുകയാണത്രേ ലക്ഷ്യം.
ബി.ജെ.പി. മുന്‍ നേതാവാണ് അംബരീഷ്‌റാവു. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി ബിരുദധാരിയായ അദ്ദേഹം 2014 ല്‍ ബി.ജെ.പി. ടിക്കറ്റിലാണ് ആദ്യം നിയമസഭയിലെത്തിയത്. ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ വനം സഹമന്ത്രിയായും സേവനമനുഷ്‌ഠിച്ചു. ഇത്തവണ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതോടെ വിമതനായാണു മത്സരം.കുടുംബ മത്സരത്തില്‍ ധരംബാബ നിരാശനാണ്. ‘ഇത് ശരദ് പവാറിന്റെ വഞ്ചനയാണ്. എന്റെ മകളും മരുമകനും എന്നെ ഉപേക്ഷിച്ചു. എനിക്കെതിരേ പോരാടി ഭാഗ്യശ്രീ രാഷ്‌ട്രീയ ആത്മഹത്യ ചെയ്യുകയാണ്’ – അദ്ദേഹം പറഞ്ഞു.
നാല് പതിറ്റാണ്ട് നീണ്ട രാഷ്‌ട്രീയ അനുഭവം തെരഞ്ഞെടുപ്പില്‍ കരുത്താകുമെന്നാണ് അദ്ദേഹം പറയുന്നത്.
‘ഭാഗ്യശ്രീയെ രാഷ്‌ട്രീയത്തില്‍ കൊണ്ടുവന്നത് ഞാനാണ്. അവള്‍ അഞ്ച് വര്‍ഷം ഗഡ്‌ചിറോള്‍ ജില്ലാ പരിഷത്ത് പ്രസിഡന്റായിരുന്നു. അവള്‍ എനിക്കൊപ്പമായിരുന്നു നില്‍ക്കേണ്ടത്. ഇനി തിരിഞ്ഞു നോക്കേണ്ട കാര്യമില്ല’- അദ്ദേഹം പറഞ്ഞു.
സത്യത്തിനുവേണ്ടിയാണു പോരാടുന്നതെന്നാണു ഭാഗ്യശ്രീയുടെ പക്ഷം. ‘ഞാന്‍ ആര്‍ക്കെതിരേയാണ് മത്സരിക്കുന്നത് എന്നതിനെക്കുറിച്ച് ഒട്ടും ആശങ്കപ്പെടുന്നില്ല. അത് ആരായിരുന്നാലും. സത്യം ജയിക്കണം’- ഭാഗ്യശ്രീ പറഞ്ഞു.
നാഗ്‌പുര്‍ റൂറലിലെ സാവോനെര്‍ നിയമസഭാ മണ്‌ഡലത്തില്‍ ദേശ്‌മുഖുകളാണ് ഏറ്റുമുട്ടുന്നത്. പി.സി.സി. മുന്‍ അധ്യക്ഷന്‍ രഞ്‌ജിത് ദേശ്‌മുഖിന്റെ തട്ടകമാണു സാവോനെര്‍. അദ്ദേഹത്തിന്റെ മക്കളായ ഡോ. ആശിഷ് ദേശ്‌മുഖും ഡോ.അമോല്‍ ദേശ്‌മുഖുമാണ് ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് അമോല്‍ ദേശ്‌മുഖ് സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സഹോദരന്‍ ഡോ.ആശിഷ് ദേശ്‌മുഖാണു ബി.ജെ.പി. സ്‌ഥാനാര്‍ഥി. അനുജ കേദാറിനാണു കോണ്‍ഗ്രസ് ടിക്കറ്റ്. മഹാരാഷ്‌ട്ര മുന്‍ മന്ത്രി സുനില്‍ കേദാറിന്റെ ഭാര്യയാണ് അനുജ. കോടികളുടെ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സുനില്‍ കേദാറിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ആ സാഹചര്യത്തിലാണു ഭാര്യക്കു സീറ്റ് നല്‍കിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ കറ്റോളില്‍നിന്നാണു ഡോ. ആശിഷ് ദേശ്‌മുഖ് വിജയിച്ചത്. കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി കൂടിയായ അമ്മാവന്‍ അനില്‍ ദേശ്‌മുഖിനെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിനുശേഷം ഡോ. ആശിഷ് കോണ്‍ഗ്രസിലേക്കു മടങ്ങി. പാര്‍ട്ടിയുമായി ഇടഞ്ഞ് പിന്നീട് അദ്ദേഹം ബി.ജെ.പി. ക്യാമ്പിലേക്കു മാറുകയായിരുന്നു. കറ്റോളില്‍ മത്സരിക്കാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. പക്ഷേ, പാര്‍ട്ടി അദ്ദേഹത്തെ പിതാവിന്റെ തട്ടകത്തിലേക്കു മാറുകയായിരുന്നു.
ദേശ്‌മുഖുകള്‍ക്കും കേദാറുകള്‍ക്കും ജില്ലാ രാഷ്‌ട്രീയത്തില്‍ ദീര്‍ഘകാലമായി രാഷ്‌ട്രീയ ശത്രുതയുണ്ട്.