• Thu. Nov 7th, 2024

24×7 Live News

Apdin News

It is suspected that the raid was the master plan of Shafi Parambil | റെയ്ഡ് ഷാഫി പറമ്പിലിന്റെ മാസ്റ്റര്‍ പ്ലാനാണോയെന്ന് സംശയിക്കുന്നു ; പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി. സരിന്‍

Byadmin

Nov 7, 2024


uploads/news/2024/11/745181/p-sarin.jpg

പാലക്കാട്: പാലക്കാട്ടെ ഹോട്ടലില്‍ രാത്രിയില്‍ നടന്ന പോലീസ് റെയ്ഡ് ഷാഫി പറമ്പിലിന്റെ മാസ്റ്റര്‍ പ്ലാനാണോയെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന്‍. സിപിഐഎം – ബിജെപി ബന്ധം ആരോപിക്കാന്‍ പ്ലാറ്റ്‌ഫോമുണ്ടാക്കാനുള്ള നീക്കമാണോ ഇതെന്നും മറ്റൊരു വിഷയം ഉണ്ടാക്കി താല്‍ക്കാലിക ലാഭമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമമെന്നും ആരുടെ മാസ്റ്റപ്ലാനാണെന്ന് പരിശോധിക്കണമെന്നും പറഞ്ഞു.

അടിക്കടി വേഷംമാറുന്നവരെയും, വേഷങ്ങള്‍ കൊണ്ടുനടക്കുന്നവരെയും പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതികൂട്ടില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാലക്കാട് കാണിച്ചുതരുമെന്നും പറഞ്ഞു. സത്യം തുറന്നുകാണിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അന്വേഷണം ഒരു വ്യക്തിയിലേക്ക് ചുരുങ്ങരുതെന്നും അങ്ങനെ ചെയ്താല്‍ രക്ഷപ്പെടുന്നത് മറ്റ് പലരുമാണെന്നും കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ ക്യാമ്പില്‍ നിന്ന് ബോധപൂര്‍വം വിഷയങ്ങള്‍ വഴിതിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സരിന്‍ ആരോപിച്ചു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നത്. നിയമവിരുദ്ധമായി നടത്തുന്ന ഇടപാടുകള്‍ ചര്‍ച്ച ചെയ്യുന്ന വിധം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രീതി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരും. അതിനായി ഏതറ്റം വരെയും പോകുമെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് കോട്ടമൈതാനത്ത് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വിവാദത്തില്‍ ഇന്നലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലെ ട്രോളിബാഗ് ആയുധമാക്കാനുള്ള നീക്കമാണ് ഡിവൈഎഫ്‌ഐ നടത്തുന്നത്. ‘ചാക്കും ട്രോളിയും വേണ്ട, പാലക്കാടിന് വികസനം വേണം’ എന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.



By admin