ആലപ്പുഴ: മകനെതിരായ ലഹരിക്കേസിൽ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ വീണ്ടും യു പ്രതിഭ എംഎൽഎ രംഗത്ത്. തനിക്കെതിരെ ഉണ്ടായത് വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള വാർത്തകളാണെന്നും അതിന് പാർട്ടിയെ കൂടി വലിച്ചിഴയ്ക്കരുതെന്നും യു പ്രതിഭ കുറ്റപ്പെടുത്തി.
തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെന്നും എന്നാൽ തന്റെ വാക്കുകൾ അടർത്തി മാറ്റി മറ്റൊരു ക്യാമ്പെയ്‌നാക്കി മാറ്റിയെന്നും പ്രതിഭ പറഞ്ഞു. പ്രധാനമായും മൂന്ന് ചാനലുകൾക്കെതിരെയാണ് എംഎൽഎ രംഗത്തെത്തിയത്. ഇതിൽ രണ്ട് ചാനലുകൾ തന്നെ നിരന്തരം വേട്ടയാടി. മതപരമായ കാര്യങ്ങൾ എന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. മകന്റെ ചിത്രങ്ങൾ സഹിതം ഓൺലൈൻ ചാനലുകൾ അടക്കം വാർത്ത നൽകി. മകനെതിരായ വാർത്ത വ്യാജമാണെന്നതിൽ ഉറച്ചുനിൽക്കുന്നു. പാർട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്നും എംഎൽഎ പറഞ്ഞു.
വിഷയത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് അമിത സമ്മർദ്ദം ഉണ്ടായെന്നും യു പ്രതിഭ ആരോപിച്ചു. ബിജെപി നേതാക്കളുടെ ക്ഷണത്തിന് ബിജെപിയിലേക്ക് താൻ പോകുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും അങ്ങനെ ഒരു ആശങ്ക വേണ്ടെന്നുമായിരുന്നു എംഎൽഎയുടെ മറുപടി.