കോഴിക്കോട്: വെറും വിലാസിനിയയായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനിയാക്കിയത് എം.ടി. വാസുദേവന്‍ നായരായിരുന്നെന്ന് നടി കുട്ട്യേടത്തി വിലാസിനി. തനിക്ക് അദ്ദേഹത്തോട് ബഹുമാനവും ആരാധനയും ആയിരുന്നെന്നും അദ്ദേഹം മരിക്കരുതെന്നും ഒരു നൂറുവയസ്സുവരെയെങ്കിലും ജീവിക്കണമെന്ന് താന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നതായും അവര്‍ പറഞ്ഞു.
പ്രിയപ്പെട്ട സാഹിത്യകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഓടിയെത്തിയ അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി. ഒരിക്കല്‍ അടുത്തു കഴിഞ്ഞാല്‍ പിന്നെ അകലാന്‍ തോന്നാത്ത തരം നല്ലൊരു മനുഷ്യനായിരുന്നു എംടി എന്നും സിനിമയില്‍ തനിക്കൊരു വിലാസം ഉണ്ടാക്കിത്തന്നത് എംടിയാണെന്നും പറഞ്ഞു. മുമ്പ് പത്രത്തിലും നോട്ടീസിലുമെല്ലാം കോഴിക്കോട് വിലാസിനി എന്ന് രേഖപ്പെടുത്തിയിരുന്ന തന്റെ പേര് കുട്ട്യേടത്തി സിനിമയില്‍ അഭിനയിച്ചതോടെയാണ് മാറിയത്. അതിന് ശേഷം എല്ലാവരും കുട്ട്യേടത്തി വിലാസിന എന്നറിയപ്പെടാന്‍ തുടങ്ങി.
നാടകത്തില്‍ വലിയ നടിയായിരുന്നെങ്കിലും സിനിമയില്‍ വലിയൊരു പൂജ്യമായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കി മാറ്റിയത് അദ്ദേഹമാണെന്നും പറഞ്ഞു. കോഴിക്കോട്ടുള്ള അനേകം കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അദ്ദേഹത്തെ മറക്കാനേ കഴിയില്ല.
അനേകം നടീനടന്മാരെയാണ് അദ്ദേഹം സിനിമയില്‍ കൊണ്ടുവന്നിട്ടുള്ളത്. എംടിയുടെ തിരക്കഥയില്‍ 1971 ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത കുട്ട്യേടത്തി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിലാസിനി ആയിരുന്നു. ബാലന്‍ കെ. നായരും കുതിരവട്ടം പപ്പുവും അടക്കമുള്ള താരങ്ങളെയും എംടിയാണ് സിനിമയിലേക്ക് കൊണ്ടുവന്നത്.