പൂത്തുലഞ്ഞു നിൽക്കുന്ന പിങ്ക് നിറത്തിലുള്ള ആമ്പൽ കണ്ടാൽ സൂക്ഷിക്കുക; അത് വിനാശകാരിയാണെന്ന് പഠനം തെളിയിക്കുന്നു. .ഇത് പറയുമ്പോൾ ആർക്കും അത്ഭുതം ജനിച്ചേക്കാം. അതിശയിക്കേണ്ടതില്ല!
![Amber](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763019/Ambal.jpg?w=640&ssl=1)
തശൂർ: തണ്ണീർത്തടങ്ങളിൽ നിറമാർന്ന പൂക്കളോടുകൂടിയ ആമ്പൽ നിറഞ്ഞു വിരിഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. എന്നാൽ പൂത്തുലഞ്ഞു നിൽക്കുന്ന പിങ്ക് നിറത്തിലുള്ള ആമ്പൽ കണ്ടാൽ സൂക്ഷിക്കുക; അത് വിനാശകാരിയാണെന്ന് പഠനം തെളിയിക്കുന്നു. .ഇത് പറയുമ്പോൾ ആർക്കും അത്ഭുതം ജനിച്ചേക്കാം. അതിശയിക്കേണ്ടതില്ല! തിരുവനന്തപുരത്തെ പാലോടുള്ള ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകരുടെ പഠനം അതു ശരിവയ്ക്കുന്നുണ്ട്.സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെയുള്ള പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നടന്നുവരുന്ന 37ാം കേരള സയൻസ് കോൺഗ്രസിലാണ് അവതരിപ്പിക്കപ്പെട്ടത്.
എടുത്തു പറയേണ്ടതായ പ്രധാന കണ്ടെത്തൽ ഇതൊരു അധിനിവേശ സസ്യമാണെന്നതാണ്. വിശദമായ പഠനങ്ങളിലൂടെ ഈ ആമ്പൽ രാത്രി പുഷ്പിക്കുന്ന “നിംഫിയ ഒമാന” എന്ന വിദേശ ഉദ്യാന ഇനമാണെന്നു തിരിച്ചറിഞ്ഞു. കുട്ടനാടിന്റെ ചില ഭാഗങ്ങളിൽ മാത്രം കണ്ടിരുന്ന ഈ ആമ്പലിനെ അടുത്ത കാലത്തായി കോഴിക്കോടുള്ള തണ്ണീർതടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
സാധാരണ മധ്യ മലബാറിലെ തണ്ണീർത്തടങ്ങളിൽ ചുവന്ന ആമ്പൽ ധാരാളമായി കണ്ടുവരുന്നുണ്ടെങ്കിലും അതിസൂക്ഷ്മ നിരീക്ഷണം നടത്തിയാൽ മാത്രമേ ഇവയുമായുള്ള അധിനിവേശ ആമ്പലിന്റെ വ്യത്യാസം തിരിച്ചറിയാനാകൂ. തദ്ദേശീയ ആമ്പലിന്റെ പൂക്കളുടെ നടുഭാഗത്തെ വെള്ള കലർന്ന മഞ്ഞനിറം അധിനിവേശ ആമ്പലിനില്ല എന്നതാണ് പ്രത്യേകത.
വന്യമായി വളരുന്ന ഈ ഇനം വന്നതോടുകൂടി കുട്ടനാട്ടിലെ ജലോപരിതലത്തിൽ പണ്ട് കണ്ടിരുന്ന തദ്ദേശീയ ജലസസ്യങ്ങൾ അപ്രത്യക്ഷമായിത്തുടങ്ങി. ജലോപരിതലത്തെ മുഴുവനായിത്തന്നെ മൂടുന്ന ഇലകൾ സൂര്യപ്രകാശത്തെ ജലാശയത്തിലേക്ക് കടത്തിവിടുന്നതിനെ തടയുന്നുണ്ട്.ഇത് ജലത്തിലെ സൂക്ഷ്മ ജീവികളുടെ നിലനില്പിനെത്തന്നെ സാരമായി ബാധിച്ചു കഴിഞ്ഞു. കൂടാതെ ജലം ആവിയായി മുകളിലേക്ക് പോകുന്നതിന്റെ തോത് ഗണ്യമായി കുറയുന്നത് പ്രദേശത്തിലെ ഈർപ്പത്തിന്റെ അളവിനെ കുറക്കാൻ തുടങ്ങിയതായി പഠനത്തിൽ കണ്ടെത്തി. ജലപാതകളിൽ തിങ്ങിവളരുന്ന ഇവ പരമ്പരാഗത ജലഗതാഗതത്തെയും സാരമായി ബാധിച്ചു കഴിഞ്ഞു. ചീഞ്ഞളിയുന്ന ചെടികൾ ജലത്തിന്റെ ഗുണത്തെയും സാരമായി ബാധിക്കുന്നു. പ്രദേശത്തു എലികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
മറ്റൊരു പ്രധാന കണ്ടെത്തലായി അവതരിപ്പിച്ചത് പരാഗണകാരികളായ പ്രാണികളെക്കുറിച്ചാണ്. കരയിലെ മറ്റു പ്രധാന ഭക്ഷ്യ നാണ്യ വിളകളിൽ പരാഗണം നടത്തേണ്ടുന്ന പ്രാണികൾ വൻതോതിൽ ഈ ആമ്പലിന്റെ പൂക്കളിലേക്കു ആകർഷിക്കപ്പെടുന്നു. ബാഷ്പശീലമുള്ള കാപ്രോയിക് ആസിഡ്, ബ്യൂട്ടൈറിക് ആസിഡ് എന്നിവയുടെ ഉപോല്പന്നങ്ങളാണ് ഇപ്രകാരം പ്രാണികളെ ആകർഷിക്കുന്ന രാസഘടകങ്ങളെന്നും കണ്ടെത്തിയിട്ടുണ്ട്.
ഗ്യാസ് ക്രോമറ്റോഗ്രാഫി മാസ്സ് സ്പെക്ട്രോമെട്രി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തരം ബാഷ്പശീലമുള്ള രാസഘടകങ്ങളെ കണ്ടെത്തിയത്.
2018-ലെ പ്രളയത്തിന് ശേഷമാണ് പൂർണമായും പിങ്ക് നിറത്തിലുള്ള ആമ്പൽ കുട്ടനാട്ടിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്.
പാലോടുള്ള ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ ശാസ്ത്രജ്ഞനായ ഡോ കെ ബി രമേഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെയുള്ള പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ കേരള സയൻസ് കോൺഗ്രസിൽ ബൊട്ടാണിക് ഗാർഡനിലെ ഗവേഷക വിദ്യാർഥി അൻഷാദ് അവതരിപ്പിച്ചു.
മാസ്മരികമായ വർണക്കാഴ്ചകൾക്കപ്പുറം ഇത്തരം അധിനിവേശ സസ്യങ്ങൾ ഉളവാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചു കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ടെന്നാണ് പാലോട് ബൊട്ടാണിക് ഗാർഡൻ ഡയറക്ടർ ഡോ. അരുണാചലം അഭിപ്രായപ്പെടുന്നത്.