കോഴിക്കോട്ടു നിന്നുള്ള ഹജ്‌ജ് യാത്രികരില്‍ നിന്നു 40,000 രൂപയാണ് യാത്രാകൂലി ഇനത്തില്‍ അധികമായി ഈടാക്കുന്നത്. കണ്ണൂരിലും കൊച്ചിയിലും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. ഹജ്‌ജ് പുറപ്പെടല്‍ കേന്ദ്രമെന്ന സ്‌ഥാനം കരിപ്പൂരിന് എന്നെന്നേക്കുമായി നഷ്‌ടപ്പെടുമോയെന്നും ആശങ്ക

കോഴിക്കോട്: നാല് ദശകങ്ങള്‍ക്കപ്പുറം ഒരു പ്രദേശത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകുകളരിയാന്‍ ശക്‌തമായ നീക്കം. ഈവര്‍ഷം ആദ്യം സര്‍വീസ് പുനരാരംഭിക്കുമെന്നു കരുതിയിരുന്ന സൗദി എയര്‍ലൈന്‍സിന്റെ കാര്യം അനിശ്‌ചിതത്വത്തിലായി.
ഇന്ത്യയുടെയും സൗദിയുടെയും വ്യോമയാന മന്ത്രാലയ പ്രതിനിധികള്‍ ഇതു സംബന്ധിച്ച് ഡല്‍ഹിയിലും റിയാദിലും കൂടിക്കാഴ്‌ച നടത്തുന്ന ഘട്ടം വരെ എത്തിയിടത്തു നിന്നാണ് പിന്മാറ്റം. ഇതിലും വലിയ ആഘാതമാണ് മലയാളി പ്രവാസികളുടെ ഇഷ്‌ട വിമാന സര്‍വീസുകളിലൊന്നായ ഗള്‍ഫ് എയര്‍ കോഴിക്കോടിനോട് വിട പറയുന്നത്. ഈ മാസം 28 മുതല്‍ മനാമ-കാലിക്കറ്റ് സര്‍വീസ് നിര്‍ത്തലാക്കും.
ഗള്‍ഫ് എയര്‍ ബെഹ്‌റൈന്‍- കോഴിക്കോട് സര്‍വീസ് 2018 ജൂണിലാണ് ആരംഭിച്ചത്. ജനപ്രീതി കണക്കിലെടുത്ത് ഇത് പ്രതിദിന സര്‍വീസാക്കി മാറ്റുകയും ചെയ്‌തു. നിര്‍ത്തലാക്കുന്ന കാലിക്കറ്റ്-മനാമ വിമാനം ഇപ്പോള്‍ 90 ശതമാനം ഒക്യുപെന്‍സിയുമായാണ് പറക്കുന്നത്. 2024ല്‍ 93-94 ശതമാനം യാത്രക്കാരുമായാണ് ഗള്‍ഫ് എയര്‍ മലബാറിന്റെ ഗേറ്റ്‌വേ നഗരത്തില്‍ നിന്നു പറന്നുയര്‍ന്നത്.
ഇതിലെല്ലാം പുറമേയാണ് ഏറ്റവും ഒടുവില്‍ കരിപ്പൂരിലെ ഹജ്‌ജ് പുറപ്പെടല്‍ കേന്ദ്രം സംബന്ധിച്ച നയം മാറ്റത്തിലൂടെ ചുരുളഴിയുന്നത്. കോഴിക്കോട്ടു നിന്നുള്ള ഹജ്‌ജ് യാത്രികരില്‍ നിന്നു 40,000 രൂപയാണ് യാത്രാകൂലി ഇനത്തില്‍ അധികമായി ഈടാക്കുന്നത്. കണ്ണൂരിലും കൊച്ചിയിലും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. ഇത് വിവാദമായപ്പോള്‍ പുറപ്പെടല്‍ കേന്ദ്രം മാറ്റാമെന്ന ഓപ്‌ഷനാണ് ഇപ്പോള്‍ അധികൃതര്‍ മുന്നോട്ടു വയ്‌ക്കുന്നത്.
കോഴിക്കോടിനു പകരം കണ്ണൂരാക്കിയാല്‍ യാത്രാ നിരക്കില്‍ ഗണ്യമായ കുറവുണ്ട്. രണ്ടിടത്തും ഹജ് തീര്‍ഥാടകരെ ജിദ്ദയിലേക്ക് കൊണ്ടുപോകുന്നത് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലാണെന്നത് ശ്രദ്ധേയമാണ്. ഈ വര്‍ഷം ഹജ്‌ജ് തീര്‍ത്ഥാടനത്തിനു കരിപ്പൂരില്‍നിന്നുള്ള തീര്‍ത്ഥാടകരില്‍ 516 പേര്‍ക്ക് കണ്ണൂരില്‍ നിന്ന് പോകാനുള്ള സൗകര്യം ഒരുക്കിയതായി ഹജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനുമായ എ.പി. അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
3000 തീര്‍ത്ഥാടകര്‍ വിമാനത്താവളം മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടുതല്‍ അപേക്ഷ വരുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ആളുകളെ തെരഞ്ഞെടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഹജ്‌ജ് പുറപ്പെടല്‍ കേന്ദ്രമെന്ന സ്‌ഥാനം കരിപ്പൂര്‍ വിമാനത്താവളത്തിനു എന്നെന്നേക്കുമായി നഷ്‌ടപ്പെടുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ മൂന്ന് ഹജ്‌ജ് പുറപ്പെടല്‍ കേന്ദ്രങ്ങളാണുള്ളത്. കൊച്ചി, കണ്ണൂര്‍, കരിപ്പൂര്‍. കൊച്ചിയിലെ തീര്‍ത്ഥാടകരെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് കൊണ്ടു പോവുക.
കണ്ണൂരിലും കോഴിക്കോട്ടും നിന്നുമായി പതിമൂവായിരം തീര്‍ഥാടകരുണ്ട്. ഇരു വിമാനത്താവളങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെറിയ വിമാനങ്ങളിലാണ് തീര്‍ഥാടകരുടെ യാത്ര. നാലു ദശകങ്ങളിലെ കാത്തിരിപ്പിനു ശേഷം, 23 കോടി രൂപ ചെലവില്‍ നിര്‍മിച്ച കോഴിക്കോട് വിമാനത്താവളം 1988 ഏപ്രില്‍ 13-നാണ് ഉദ്‌ഘാടനം ചെയ്‌തത്.
വളരെ പെട്ടെന്ന് തിരക്കേറിയ ഒരു വിമാനത്താവളമായി മാറാന്‍ കാലിക്കറ്റ് വിമാനത്താവളത്തിനു സാധിച്ചു. 2020ലെ വിമാനാപകടത്തിനുശേഷം വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാറില്ല. റണ്‍വേ ദീര്‍ഘിപ്പിച്ച് സുരക്ഷ ശക്‌തമാക്കിയാല്‍ മാത്രമെ അതിനു അനുമതി ലഭിക്കുകയുള്ളൂ. 2020 ഓഗസ്‌റ്റ് ഏഴിനു രാത്രിയാണ് കരിപ്പൂരില്‍ ഐ.എക്‌സ്. 1344 എന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പെട്ടത്. മലപ്പുറം-കോഴിക്കോട് പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ മയക്കംവെടിഞ്ഞില്ലെങ്കില്‍ കരിപ്പൂരിലെ രാജ്യാന്തര വിമാനത്താവളം വെറും ആഭ്യന്തരമായി മാറാനും അധിക കാലം വേണ്ടിവരില്ല.
സി.ഒ.ടി. അസീസ്