
കൊച്ചി: യു.കെയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണംതട്ടിയ കേസില്‍ അറസ്‌റ്റിലായ ടേക്ക് ഒഫ് ഓവര്‍സീസ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഉടമ കാര്‍ത്തിക പ്രദീപിനെതിരേ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്.
കഴിഞ്ഞദിവസം കോഴിക്കോട് നിന്നാണ് ഇവരെ എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായെന്ന വിവരം പുറത്തായതോടെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയത്. ഇന്നലെ മൂന്ന് കേസുകള്‍കൂടി ഇവര്‍ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌തു. ഇവര്‍ അര്‍മേനിയയില്‍ നിന്ന് മെഡിസിന്‍ ബിരുദമെടുത്തുവെന്ന് അവകാശപ്പെടുന്നുവെങ്കിലും ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പോലീസ്. യുക്രൈനില്‍ ഡോക്‌ടറാണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.
മൂന്ന് മുതല്‍ എട്ട് ലക്ഷം രൂപവരെയാണ് കാര്‍ത്തിക ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കിയിരുന്നത്. ആഡംബര ജീവിതം നയിച്ചിരുന്ന ഇവര്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്. പത്തനംതിട്ട സ്വദേശിനിയായ ഇവര്‍ തൃശൂരിലാണ് നിലവില്‍ താമസിക്കുന്നത്.
എറണാകുളത്തിനു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലും സ്‌ഥാപനത്തിനെതിരേ പരാതിയുണ്ട്. പരാതികള്‍ ഉയര്‍ന്നതോടെ കൊച്ചിയിലെ സ്‌ഥാപനം പൂട്ടി ഇവര്‍ മുങ്ങുകയായിരുന്നു. സ്‌ഥാപനത്തിന് ലൈസന്‍സില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകാന്‍ ആവശ്യമായ ലൈസന്‍സും ഇവര്‍ക്കുണ്ടായിരുന്നില്ല.
പണവും രേഖകളും വാങ്ങിയശേഷം ജോലി നല്‍കാതിരിക്കുകയും അന്വേഷിച്ചെത്തുമ്പോള്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇവരുടെ പതിവെന്ന് സെന്‍ട്രല്‍ പോലീസ് പറയുന്നു. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം ഇവരെ അറസ്‌റ്റ് ചെയ്‌തത്.
സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്ന് പറഞ്ഞ് പല തവണയായി ഇവരുടെ പക്കല്‍ നിന്ന് ഇവര്‍ 5.23 ലക്ഷം രൂപ കൈപറ്റിയെന്നാണ് പരാതി. 2024 ഓഗസ്‌റ്റ് 26 മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവില്‍ ഗൂഗിള്‍ പേ വഴിയുമാണ് പണം നല്‍കിയത്. പിന്നീട് ജോലി നല്‍കാതെ വഞ്ചിക്കുകയായിരുന്നു.