
തിരുവനന്തപുരം: ചരിത്രത്തില്‍ ഇടം നേടുന്ന അവിസ്മരണീയ നിമിഷത്തിനു ഇന്ന് കേരളവും വിഴിഞ്ഞവും സാക്ഷിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 നു വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷന്‍ ചെയ്യും. രാജ്ഭവനില്‍ തങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10 നു വിഴിഞ്ഞത്തു സന്ദര്‍ശനം നടത്തും. നഗരത്തിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പഹല്‍ഗാം സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അതിശക്തമായ സുരക്ഷയൊരുക്കുന്നത്. പ്രദേശത്തിന്റെ നിയന്ത്രണം എന്‍.എസ്.ജി. ഏറ്റെടുത്തിട്ടുണ്ട്. നാവികസേനയുടെ യുദ്ധക്കപ്പലടക്കം തീരത്തു തമ്പടിച്ചുകഴിഞ്ഞു. വ്യോമസേനയ്ക്ക് ആകാശ നിരീക്ഷണച്ചുമതലയുണ്ട്. കരയിലും കടലിലും പഴുതടച്ച സുരക്ഷ തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലില്‍ കോസ്റ്റ്ഗാര്‍ഡും നേവിയും സുരക്ഷയൊരുക്കും. കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാക്കാന്‍ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. തമ്പാനൂരില്‍ നിന്നും കിഴക്കേക്കോട്ടയില്‍ നിന്നും കെഎസ്ആര്‍ടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും.
കമ്മീഷനിങ്ങിനുശേഷം പ്രധാനമന്ത്രി ഡല്‍ഹിക്കു മടങ്ങും. രാജ്ഭവനില്‍ ചില നിര്‍ണായക കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രി നടത്തുമെന്നു സൂചനയുണ്ട്. കഴിഞ്ഞ ജൂലൈയില്‍ വിഴിഞ്ഞത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചിരുന്നു. ഡിസംബര്‍ മൂന്നിനു കമ്മീഷനിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 2028 ല്‍ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമെന്നും 2034 മുതല്‍ വരുമാനം ലഭിച്ചുതുടങ്ങുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിങ്-പോര്‍ട്‌സ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, സംസ്ഥാനമന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, സജി ചെറിയാന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ. എ. റഹീം, എം. വിന്‍സെന്റ് എം.എല്‍.എ, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മേയര്‍ ആര്യ രാജേന്ദ്രന്‍, അദാനി പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.